റിയോ
കോപയിൽ ബ്രസീൽ നെയ്മറെ ആശ്രയിക്കുന്നതിനേക്കാൾ കൂടുതൽ അർജന്റീന ലയണൽ മെസിയെ തേടി. ടൂർണമെന്റിൽ അർജന്റീന നേടിയ 12 ഗോളിൽ പതിനൊന്നും നേരിട്ടോ അല്ലാതെയോ മെസിയിലൂടെ എത്തിയതാണ്. പന്ത്രണ്ടാമത്തെ ഗോൾ അങ്ങനെയായിരുന്നില്ല. ആ ഗോളിൽ മെസിയുണ്ടായില്ല. അതായിരുന്നു ഫൈനലിലെ വ്യത്യാസവും.
സെമി കളിച്ച ടീമിൽ അഞ്ചു മാറ്റമാണ് പരിശീലകൻ ലയണൽ സ്കലോണി വരുത്തിയത്. പ്രധാനപ്പെട്ടത് ആദ്യ 11ൽ ഏയ്ഞ്ചൽ ഡി മരിയയെ കൊണ്ടുവന്നതായിരുന്നു. ക്രിസ്റ്റ്യൻ റൊമേറോയെ സെന്റർ ബാക്ക് സ്ഥാനത്തേക്ക് തിരികെ കൊണ്ടുവന്നു. രണ്ട് ഫുൾബാക്കുകളെയും മാറ്റി. 4‐3‐3 എന്ന ശൈലി ഫൈനലിൽ 4‐4‐2 ആക്കിമാറ്റി.
പ്രതിരോധത്തെ കൂടുതൽ സഹായിച്ചുകളിക്കുന്ന ഗുയിദോ റോഡ്രിഗസിനുപകരം ലിയാൻഡ്രോ പരദേസിനെ മധ്യനിരയിൽ നിർത്തി. ഇടതുപാർശ്വത്തിൽ നിക്കോളാസ് ഗൊൺസാലസിനു പകരമായിരുന്നു ഡി മരിയ. അത് കളിയെ മാറ്റി.
ഡി മരിയയായിരുന്നു സ്കലോണിയുടെ തുറുപ്പുചീട്ട്. ബ്രസീൽ ഫുൾബാക്ക് റെനാൻ ലോധിക്ക് തൊട്ടുമുമ്പിലായിരുന്നു സ്ഥാനം. ലോധിക്കും സെന്റർ ബാക്ക് തിയാഗോ സിൽവയ്ക്കും ഇടയിലുള്ള വിടവ് ഡി മരിയ മുതലാക്കി. അർജന്റീന നീക്കങ്ങളുടെ ബുദ്ധികേന്ദ്രമായ ഡി പോളിന്റെ സാമർഥ്യവും ഗുണകരമായി. ബ്രസീൽ പരിശീലകൻ ടിറ്റെയ്ക്ക് ആസൂത്രണത്തിൽ പിഴവുപറ്റി. പെറുവിനെതിരെ കളിച്ച ടീമിൽ മാറ്റമുണ്ടായില്ല. എവർട്ടണ് വീണ്ടും അവസരം നൽകി. ഡി പോളിന് സമ്മർദമുണ്ടാക്കാൻ ആർക്കും കഴിഞ്ഞില്ല. സിൽവയ്ക്ക് പഴയ വേഗവും കിട്ടിയില്ല.