Wimbledon 2021 Final: Djokovic 20th Grand Slam: വിംബിൾഡൺ ടെന്നീസ് ടൂർണമെന്റ് മെൻസ് സിംഗിൾസ് ഫൈനലിൽ ഇറ്റലിയുടെ മാറ്റെയോ ബെറെറ്റിനിയെ പരാജയപ്പെടുത്തി ലോക ഒന്നാം നമ്പർ താരം നൊവോക് ജോക്കോവിച്ച് ജേതാവായി. നാല് സെറ്റ് നീണ്ട പോരാട്ടത്തിന് ഒടുവിലാണ് സെർബിയൻ താരം ജയം സ്വന്തമാക്കിയത്. സ്കോർ 6-7, 6-4, 6-4, 6-3.
ജയത്തോടെ 20ാം ഗ്രാൻഡ്സ്ലാം കിരീടനേട്ടമാണ് ജോക്കോവിച്ച് സ്വന്തമാക്കിയത്. ഇതോടെ റോജർ ഫെഡററിനും റാഫേൽ നദാലിനുമൊപ്പം 20 ഗ്രാൻഡ്സ്ലാം കിരീടം നേടിയ താരമാവാൻ ജോക്കോവിച്ചിന് കഴിഞ്ഞു.
ജോക്കോവിച്ചിന്റെ വിംബിൾഡണിലെ ആറാം കിരീട നേട്ടമാണിത്. തുടർച്ചയായ മൂന്നാം വിംബിൾഡൺ കിരീടവും. 2011, 2014, 2015, 2018, 2019 വർഷങ്ങളിലാണ് ഇതിന് മുൻപത്തെ കിരീട നേട്ടങ്ങൾ. റോജർ ഫെഡറർ, വില്യം റെൻഷോ, പീറ്റ് സാംപ്രസ് എന്നിവർ മാത്രമാണ് വിംബിൾഡൺ കിരീടനേട്ടങ്ങളുടെ എണ്ണത്തിൽ ജോക്കോവിച്ചിന് മുന്നിലുള്ളത്.
ഈ വര്‍ഷത്തെ ഓസ്ട്രേലിയൽ ഓപ്പൺ ഫ്രഞ്ച് ഓപ്പൺ ചാമ്പ്യൻഷിപ്പുകളിലും ജോക്കോവിച്ച് കിരീടം നേടിയിരുന്നു. രണ്ടാം സീഡ് ഡാനിൽ മെദ്മദേവിനെയായിരുന്നു ഓസ്ട്രേലിയൻ ഓപ്പൺ ഫൈനലിൽ തോൽപിച്ചത്. ഫ്രഞ്ച് ഓപ്പൺ ഫൈനലില്‍ ഗ്രീസിന്റെ അഞ്ചാം സീഡ് സ്റ്റെഫാനോസ് സിറ്റ്സിപാസിനെയായിരുന്നു തകർത്തത്.
Read More: പെയ്സും ഭൂപതിയും വീണ്ടും ഒരുമിച്ചെത്തുന്നു; ഇത്തവണ പക്ഷേ ടെന്നീസ് കോർട്ടിലല്ല
1969ലെ റോഡ് ലാവറിന്റെ നേട്ടത്തിന് ശേഷം ഒരു സീസണിൽ ആദ്യത്തെ മൂന്ന് പ്രധാന ടൂർണമെന്റുകളിൽ വിജയിച്ച ഏക വ്യക്തിയാണ് ജോക്കോവിച്ച്. ഓഗസ്റ്റ് 30 ന് ആരംഭിക്കുന്ന യുഎസ് ഓപ്പണിൽ കൂടി കിരീടം നേടുകയാണെങ്കിൽ ഒരു കലണ്ടർ വർഷത്തെ എല്ലാ ഗ്രാൻഡ്ലാമും നേടുകയെന്ന നേട്ടവും 34 കാരനായ താരത്തിന് സ്വന്തമാക്കാം. 52 വർഷങ്ങൾക്ക് ലാവെർ നേടിയതും അതിനു ശേഷം ആരും ആവർത്തിക്കാത്തതുമായ നേട്ടമാണത്.
ആറ് വിംബിൾഡൺ കിരീടങ്ങൾക്ക് പുറമെ ഒമ്പത് ഓസ്‌ട്രേലിയൻ ഓപ്പൺ കിരീടങ്ങളും യുഎസ് ഓപ്പണിൽ മൂന്ന് കിരീടങ്ങളും ഫ്രഞ്ച് ഓപ്പണിൽ രണ്ട് കിരീടങ്ങളും നേടിയാണ് ടെന്നീസ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗ്രാൻഡ്സ്ലാം സ്വന്തമാക്കുക എന്ന നേട്ടത്തിൽ ജോക്കോവിച്ച് തന്റെ രണ്ട് എതിരാളികൾക്കൊപ്പമെത്തിയത്.
The post Wimbledon 2021 Final: ബെറെറ്റിനിയെ തകർത്ത് 20ാം ഗ്രാൻഡ് സ്ലാം കിരീടവുമായി ജോക്കോവിച്ച് appeared first on Indian Express Malayalam.