റിയോ
മൈതാനത്ത് അർജന്റീന ആഘോഷത്തിലായിരുന്നു. അതിനിടെയാണ് ഉലഞ്ഞ മനസ്സുമായി നെയ്മർ കൂട്ടുകാരനെ തേടിവന്നത്. കൂട്ടത്തിൽനിന്ന് പുറത്തുവന്ന് ഒരു നിമിഷം മെസി, നെയ്മറെ നെഞ്ചോട് ചേർത്തു. ഇരുവരും കെട്ടിപ്പുണർന്നു, ഉമ്മവച്ചു. ഒന്നും പറഞ്ഞില്ല. നെയ്മർ തേങ്ങി. മെസി നെറുകയിൽ തലോടി.
നൃത്തച്ചുവടുകളുമായി അർജന്റീന കളിക്കാർ നെയ്മറുടെ ദേഹത്തു തട്ടുമെന്നായപ്പോൾ മെസി കൈകൊണ്ട് തടഞ്ഞു. കുറച്ചുനേരംകൂടി അവരങ്ങനെ നിന്നു. ലോകമാകെ ടെലിവിഷനിൽ ആ അപൂർവ കാഴ്ച കണ്ടു. നെഞ്ചിലെ ഭാരം ഒഴിഞ്ഞപോലെ നെയ്മറുടെ മുഖം തെളിഞ്ഞു. പിന്നെ കൈവീശി മടങ്ങി. അതിരില്ലാത്ത സൗഹൃദത്തിന്റെ മായാത്ത കോപ ചിത്രം.
പിന്നീട് ജേഴ്സിയെല്ലാം അഴിച്ചശേഷം മൈതാനത്തിനരികെ കണ്ടുമുട്ടിയപ്പോഴും ഇരുവരും കുശലം പറഞ്ഞു. ഒപ്പമിരുന്ന് കളിതമാശകൾ പങ്കുവച്ചു. തോൽവിയുടെ ആഘാതത്തിൽനിന്ന് മുക്തനായ നെയ്മർ മെസിയുടെ തോളിൽ വീണ് ചിരിച്ചു. വിജയത്തിൽ സന്തോഷവാനായ മെസി വീഡിയോ കോളിൽ കുടുംബവുമായി സംസാരിച്ചു.















