തിരുവനന്തപുരം
തെരഞ്ഞെടുപ്പ് കഴിഞ്ഞ് മാസങ്ങളായിട്ടും എൻഡിഎയിലെ പ്രശ്നം പരിഹരിക്കാൻ ബിജെപി ദേശീയ നേതൃത്വം ഇടപെടാത്തതിൽ പ്രതിഷേധം കടുപ്പിക്കാൻ ബിഡിജെഎസ്. തെരഞ്ഞെടുപ്പിൽ നാണംകെട്ട തോൽവിയുണ്ടായത് ബിജെപിയിലെ ഗ്രൂപ്പുപോരും ഘടകകക്ഷികളോടുള്ള അവഗണനയുംമൂലമാണെന്ന് ബിഡിജെഎസ് നേതാക്കൾ പറയുന്നു. ബിജെപിയിലെ ഒരു വിഭാഗം ബിഡിജെഎസിനെ ക്ഷയിപ്പിക്കാൻ നീക്കം നടത്തി. പ്രചാരണത്തിലും അവഗണിച്ചു. ഇതിൽ പ്രതിഷേധിച്ച് തുഷാർ വെള്ളാപ്പള്ളി എൻഡിഎ കൺവീനർ സ്ഥാനം ഒഴിയാൻ തീരുമാനിച്ചതാണ്. ബിജെപിയുടെ ദേശീയ നേതാക്കൾ അന്ന് വിളിച്ച് പ്രശ്നം പരിഹരിക്കാമെന്ന് ഉറപ്പ് നൽകിയതിനെത്തുടർന്നാണ് പിന്മാറിയത്. ബിജെപി സംഘടനാ ജനറൽ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ബിഡിജെഎസിൽ പിളർപ്പുണ്ടാക്കുംവിധം സുഭാഷ് വാസുവിനെ പ്രോത്സാഹിപ്പിച്ചത്.
ബിഡിജെഎസ് മത്സരിച്ച മണ്ഡലങ്ങളിൽ മാത്രമല്ല വോട്ട് കുറഞ്ഞത്. കോൺഗ്രസുമായി ബിജെപിയുണ്ടാക്കിയ ധാരണയുടെ ഭാഗമായും എൻഡിഎയ്ക്ക് വോട്ട് കുറഞ്ഞുവെന്ന് ബിഡിജെഎസ് നേതാക്കൾ പറയുന്നു.
അതെസമയം, ബിഡിജെഎസ് കാലുവാരിയെന്നുതന്നെയാണ് തങ്ങളുടെ വിലയിരുത്തലെന്ന് ബിജെപി നേതാക്കൾ പറയുന്നു. ബിഡിജെഎസിനെ കൊണ്ടുനടന്നിട്ട് കാര്യമില്ലെന്നും ചില ബിജെപി നേതാക്കൾ നേതൃയോഗത്തിൽ പറഞ്ഞിരുന്നു. യുഡിഎഫിൽനിന്ന് ചില ഘടകകക്ഷികൾ ബിഡിജെഎസിലൂടെ എൻഡിഎയിലേക്ക് വരാൻ താൽപ്പര്യം കാണിച്ചപ്പോൾ തുഷാർ അതിന് ശ്രമിച്ചില്ലെന്ന് ഒരു ബിജെപി നേതാവ് പറഞ്ഞു. സുഭാഷ് വാസുവിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം പോയതോടെ ബിഡിജെഎസ് തീരെ ദുർബലമായെന്നാണ് ബിജെപിയുടെ വിലയിരുത്തൽ.
“സുരേന്ദ്രനെതിരായ വാർത്തയ്ക്ക് പിന്നിൽ എം ടി രമേശ്’ ; ബിജെപി യോഗത്തിൽ രൂക്ഷ വിമർശം
സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ് വാർത്ത ചോർത്തി അപമാനിക്കുന്നതായി ബിജെപി യോഗത്തിൽ വിമർശം. കഴിഞ്ഞ ദിവസം ചേർന്ന കോഴിക്കോട് ജില്ലാകമ്മിറ്റിയിലാണ് സുരേന്ദ്രൻ വിഭാഗം രൂക്ഷവിമർശമുന്നയിച്ചത്.
ജില്ലാപ്രസിഡന്റ് വി കെ സജീവനുമായി ചേർന്ന് രമേശ് ഗ്രൂപ്പ് കളിക്കുന്നു. സംസ്ഥാന പ്രസിഡന്റിനെതിരെ സ്വന്തം ജില്ലയിൽ വിമതപ്രവർത്തനമാണ്. രമേശ് കോഴിക്കോട് കേന്ദ്രീകരിച്ച് സുരേന്ദ്രനെതിരെ പ്രവർത്തിക്കുന്നു. മധ്യകേരളത്തിന്റെ ചുമതലയാണ് രമേശിന്. എന്നാൽ കോഴിക്കോട് ക്യാമ്പ് ചെയ്ത് സുരേന്ദ്രനെതിരെ വാർത്ത കൊടുക്കുകയാണ്. സജീവൻ സുരേന്ദ്രനെ പരിപാടി അറിയിക്കുന്നില്ല.
സുരേന്ദ്രൻ പ്രതിക്കൂട്ടിലായ കൊടകര കുഴൽപ്പണക്കേസിനെതിരായ പ്രതിഷേധസമരം കോഴിക്കോട്ട് ദുർബലമാക്കി. ഇക്കാര്യത്തിൽ നേതൃത്വം അലസതകാട്ടി. പി കെ കൃഷ്ണദാസും രമേശുമാണ് കോഴിക്കോട്ട് ബിജെപിയെ നിയന്ത്രിക്കുന്നത്. ഇവർ വിഭാഗീയ പ്രവർത്തനത്തിന് ഇവിടം താവളമാക്കുകയാണെന്നും അഭിപ്രായം ഉയർന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് എ എൻ രാധാകൃഷ്ണന്റെ സാന്നിധ്യത്തിലായിരുന്നു വിമർശം.
രാജീവ് ചന്ദ്രശേഖറിന് സ്വീകരണം ആലോചിച്ചിട്ടില്ല: ബിജെപി
കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖറിന് കേരളത്തിൽ സ്വീകരണം നൽകുന്നത് ആലോചിച്ചിട്ടില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ പറഞ്ഞു. സ്ഥാനത്തുനിന്ന് മാറിനിൽക്കണമെന്ന മുൻ പ്രസിഡന്റ് പി പി മുകുന്ദന്റെ അഭിപ്രായത്തിന് മറുപടി പറയുന്നില്ല. കുഴൽപ്പണ കേസിൽ പൊലീസിന് മുന്നിൽ ഹാജരാകും. അന്വേഷണം ശരിയായ രീതിയിലല്ലെങ്കിൽ മഞ്ചേശ്വരം, ബത്തേരി കേസുമായി സഹകരിക്കില്ലെന്നും സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സി കെ ജാനുവിന് പണം നൽകിയതുമായി ബന്ധപ്പെട്ട് പുറത്ത് വന്ന പല ഫോൺ സംഭാഷണവും വ്യാജമാണ്. സ്വർണക്കടത്തിൽ മുഖ്യമന്ത്രിക്കെതിരെ താൻ സംസാരിക്കുന്നത് മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിലാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു.