തിരുവനന്തപുരം
പഠനോപകരണമില്ലാത്ത വിദ്യാർഥികളെ സഹായിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇനി സംസ്ഥാന സർക്കാർ പോർട്ടലിൽ സംഭാവന നൽകാം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി മാതൃകയിലാകും ഇതിന്റെ പ്രവർത്തനം. എല്ലാ വിദ്യാർഥികൾക്കും പഠനോപകരണം ഉറപ്പാക്കാനാണ് വെബ്പോർട്ടൽ സജ്ജമാക്കുന്നത്.
ഓൺലൈൻ പഠനോപകരണം കുട്ടികളുടെ അവകാശമാണെന്ന് പ്രഖ്യാപിച്ച് എല്ലാ കുട്ടികൾക്കും ലഭ്യമാക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ നടത്തുന്ന പ്രവർത്തനത്തിന്റെ ഭാഗമാണ് ഇത്. തുക നിക്ഷേപിക്കുന്നയാൾ ആഗ്രഹിക്കുന്ന പ്രദേശത്തെ വിദ്യാർഥികൾക്ക് പഠനോപകരണം എത്തിക്കും. സംഭാവനയ്ക്ക് ആദായനികുതി ഇളവ് പരിഗണനയിലാണ്. പൊതുവിദ്യാഭ്യാസവകുപ്പ് സജ്ജമാക്കുന്ന പോർട്ടൽ ഈ മാസം ലോഞ്ച് ചെയ്തേക്കും.
വ്യവസായ സ്ഥാപനങ്ങൾക്ക് പൊതുനന്മാഫണ്ട് (സിഎസ്ആർ) ഇതിനായി വിനിയോഗിക്കാം. തുക പോർട്ടൽ മുഖേന നിക്ഷേപിച്ചാൽ ആ തുകയ്ക്ക് നൽകാനാകുന്ന പഠനോപകരണത്തിന്റെ വിവരവും അവ നൽകേണ്ട മേഖലകളും ഉൾപ്പെടെ വിശദ പദ്ധതി റിപ്പോർട്ട് സർക്കാർ കമ്പനിക്ക് കൈമാറും. ലോകത്ത് എവിടെയുള്ളവർക്കും കേരളത്തിലെ വിദ്യാർഥികൾക്ക് കംപ്യൂട്ടർ, ലാപ്ടോപ്, സ്മാർട്ട്ഫോൺ എന്നിവ ലഭിക്കാൻ തുക പോർട്ടലിൽ നിക്ഷേപിക്കാം. ഉപകരണം വാങ്ങൽ, വിതരണം എന്നിവ സംബന്ധിച്ച കൂടിയാലോചന തുടരുന്നു. എല്ലാ പ്രദേശത്തും ഇന്റർനെറ്റ് ലഭ്യത ഉറപ്പാക്കുന്നതിന് സർവീസ് പ്രൊവൈഡർമാരുമായി മുഖ്യമന്ത്രി നേരത്തേ ചർച്ച നടത്തിയിരുന്നു. പോർട്ടൽ സജ്ജമാകുന്നതോടെ ഓൺലൈൻ പഠനസൗകര്യം ഉറപ്പാക്കൽ ജനകീയയജ്ഞമായി മാറും.