കോപ്പ അമേരിക്ക ഫുട്ബോൾ കിരീടം നേടിയ അർജൻറീന ടീമിന് അഭിനന്ദനങ്ങൾ. നീണ്ട 28 വർഷങ്ങൾക്കു ശേഷമാണ് അർജൻറീന ഒരു കിരീടം നേടുന്നത്. ഒളിംപിക്സ് സ്വർണ്ണവും യുവലോകകപ്പും ജയിച്ചിട്ടുള്ള മെസ്സി, മൂന്നുകോപ്പാഫൈനലും ഒരു ലോകകപ്പു ഫൈനലും കളിച്ച് രണ്ടാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടാൻ നിർബന്ധിതനാകേണ്ടിവന്ന ദുഃഖത്തിലായിരുന്നു. ഇന്ന് ലോകത്തിലെ ഏറ്റവും മികച്ച ടീമുകളിലൊന്നാണ് ബ്രസീൽ. അർജന്റീനയാകട്ടെ ഏറ്റവും മികച്ച ഫുട്ബാൾ ജീനിയസ് നയിക്കുന്ന ടീമും. അപരാജിതരായാണ് ഇരുടീമികളും ഫൈനലിലെത്തിയത്.
ഡിപോളിന്റെ അകലെനിന്നുള്ള നീണ്ട പാസ്സ് സ്വീകരിച്ച് പരിചയസമ്പന്നനായഏൻഞ്ചൽ ഡീ മരിയ തന്ത്രപൂർവ്വം അഡ്വാൻസ് ചെയ്ത ബ്രസീലിയൻ ഗോളിയുടെ തലക്ക് മീതെ കോരിയിട്ട ഏകഗോളാണ് ഫലം നിശ്ചയിച്ചത്. ബ്രസീലിന്റെ രണ്ട് നീക്കങ്ങൾ വിഫലമാക്കിയ അർജന്റെയ്ൻ ഗോളി എമിലിയാനോ മാർട്ടിനസ്സ് ടൂർണമെന്റിന്റെ ഗോളിയായി തെരഞ്ഞെടുക്കപ്പെട്ടു. സെമിയിൽ കൊളംബിയയുടെ മൂന്നുപെനാൽറ്റികൾതടഞ്ഞിട്ട മാർട്ടിനസ്സിനെ സ്നേഹപൂർവ്വം ‘മോൺസ്റ്റർ’ എന്നാണ് ക്യാപ്റ്റൻ മെസ്സി വിശേഷിപ്പിച്ചത്. ടോപ്പ് സ്കോറർപുരസ്ക്കാരവും ടൂർണമെന്റിന്റെ താരമെന്ന അംഗീകാരവും നാലും ഗോളും അഞ്ച് അസിസ്റ്റും സ്വന്തമായുള്ള മെസ്സിക്കുതന്നെ. ഫൈനലിൽ ബ്രസീലിയൻ ഗോളിമാത്രം മുന്നിലുള്ള അവസരത്തിൽ മെസ്സി അനാവശ്യമായി ഗോളിയെക്കൂടി വെട്ടിച്ചുകയറി ഗോളടിക്കാൻ ശ്രമിച്ചതു തടയപ്പെട്ടു. മെസ്സി ഒരിക്കലുംഓർക്കാനിഷ്ടപ്പെടാത്ത ഒരുനിമിഷമാകാം അത്. എന്നാൽ തൽസമയം തീരുമാനങ്ങൾ കൈക്കൊള്ളുകയും തലയും കാലും തമ്മിൽ ഏകോപിച്ച് ചടുലമായി ചലിക്കുകയും ചെയ്യുന്നതിനിടയിൽ ചിലപ്പോൾ ഇത്തരം പിഴവുകൾ സംഭവിക്കുക വേദനയോടെ കണ്ടിരിക്കേണ്ടിവരും. ഇത്തവണത്തെ കോപ്പയിൽ ഗോളിപോലും തന്റെ മുന്നിലില്ലാതിരുന്ന ഒരവസരത്തിൽ നേരിട്ട് ഗോളിനുശ്രമിക്കാതെ സഹകളിക്കാരന് ഗോളടിക്കാൻ അവസരമൊരുക്കിയ മെസ്സിയുടെപാസ്സ് ഡിപോൾ ഗോളാക്കിമാറ്റി. അവിടെമെസ്സി വെളിപ്പെടുത്തിയത് കളിക്കളത്തിലും ജീവിതത്തിലും അപൂർവ്വമായിമാത്രംകാണുന്ന നിസ്വാർത്ഥതയും പക്വതയും കേളീപാടവവുമാണ്. ഫൈനൽകഴിഞ്ഞ് വൈകിമാത്രംവ്യക്തമാക്കപ്പെട്ടമറ്റൊരുവസ്തുതയുണ്ട്.
യഥാർത്ഥത്തിൽ കൊളംബിയയുമായുള്ളകളിയിൽ രക്തമൊലിപ്പിക്കുന്നകാലുമായാണ് മെസ്സി കളിതുടർന്നതും പെനാൽറ്റി ഷുട്ടൌട്ടിൽ ആദ്യകിക്ക് ഗോളാക്കിയതും. ആരോഗ്യനിലയും കാലിലെ പരിക്കും വേണ്ടത്ര ഭേദമായിരുന്നില്ല എന്നതിനാൽ സാധാരണനിലയിൽ മെസ്സി കളിക്കളത്തിൽ ഫൈനലിന് ഇറങ്ങാൻ പാടില്ലാത്തതായിരുന്നു. എന്നാൽ അത് അർജന്റെയിൻ കളിക്കാരുടെ ആത്മവീര്യത്തെ പ്രതികൂലമായി ബാധിക്കാതിരിക്കാൻ വേണ്ടിക്കൂടിയായിരുന്നു സ്ക്കലോണിയും മെസ്സിയും ചേർന്ന് ഒരുപരിധിവരെ സാഹസികമായ ഒരു തീരുമാനം കൈക്കൊണ്ടത്. ഫൈനലിൽ മെസ്സികൂടികളിക്കാനിറങ്ങുക; ആവുന്നത്ര പൊരുതുക; മുന്നിൽ നിന്നു നയിക്കുക!.
ആ അടവ് സഫലമായിയെന്ന് ഇപ്പോൾ വിജയത്തിന്റ പശ്ചാത്തവത്തിൽ നിസ്സംശയം പറയാം. ആ ശാരീരിക അവസ്ഥ കൊണ്ടായിരുന്നു ഗോളിമാത്രം മുന്നിലുണ്ടായിരുന്ന അവസരം മെസ്സിക്ക് ഗോളാക്കി മാറ്റാൻ കഴിയാതെ പോയത് എന്നാണ് സ്ക്കലോണി വിശദീകരിച്ചത്. അതെന്തായാലും മെസ്സിയുടെചോരയൊലിക്കുന്ന കാലും സോക്സും നാമെല്ലാം കണ്ടതാണല്ലോ. ഈ കോപ്പായിൽ നാലുകളികളിൽ മാൻ ഓഫ് ദി മാച്ച് ആവുകയും ഗോൾഡൻബൂട്ടും ഗോൾഡൻ ബോളും നേടുകയും ചെയ്ത് തന്റെ കേളീമികവ് സംശയരഹിതമായി ചരിത്രലിപികളിലെഴുതിയ മെസ്സി ഫൈനലിൽ തന്റെ ഐന്ദ്രജാലിക സാന്നിദ്ധ്യം കൊണ്ട് ടീമിന് മനോബലംപകരുകയും ചെയ്തു. വെറുതെയല്ല; മെസ്സി തന്റെ ജന്മനാട് ചെഗുവേരയുമായി പങ്കിടുന്നത്.
നെയ്മറിന്റെയും കാസിമറോയുടേയും നേതൃത്വത്തിൽ പൊരുതി കളിച്ചുബ്രസീൽ . സ്വന്തം നാട്ടിൽ കളിക്കുന്നതിന്റ ഗുണംകൂടി പരമാവധിമുതലെടുത്തുകൊണ്ട് അവർ തുടർച്ചയായി ആക്രമണങ്ങൾകെട്ടഴിച്ചു. നെയ്മർ മികച്ചപ്രകടനം തന്നെ കാഴ്ചവച്ചു. കൂടുതൽ മെച്ചപ്പെട്ടപ്രകടനം ബ്രസീലിന്റേതായിരുന്നു എന്നതിലും സംശയമില്ല. അതേസമയം അർജന്റീനക്ക് മറ്റൊരുപദ്ധതിയായിരുന്നു. ലയണൽ മെസ്സിഒതുങ്ങിനിന്ന് ഡിമരിയയെ കയറിക്കളിക്കാനനുവദിച്ചു. കിട്ടിയ അവസരംമുതലെടുത്തു. നിർണായക സേവുകൾ നടത്തിയ ഗോൾകീപ്പർ എമിലിയാനോ മാർട്ടി നസും അർജന്റീനയുടെ ഈ വിജയത്തിൽ നിർണായക പങ്കു വഹിച്ചു.
ലോകകപ്പ് ഫൈനൽപരാജയത്തെത്തുടർന്ന് കരുണയില്ലാത്ത വിമർശനങ്ങൾ തനിക്കെതിരെ ഉയർന്നുവന്നപ്പോൾ വിരമിക്കൽ പ്രഖ്യാപിച്ച മെസ്സിയാണ് ഇപ്പോൾ ബ്രസീലിലെ മാരക്കാനയിൽ വളരെ മികച്ച ബ്രസീലിയൻ ടീമിനെ പരാജയപ്പെടുത്തിക്കൊണ്ട് കോപ്പാ അമേരിക്കാ കിരീടമുയർത്തിയത് എന്നതിൽ ഒരുകാവ്യനീതിയുണ്ട്. അഗ്യൂറോയെ ബഞ്ചിലിരുത്തുകയും ഡി മരിയയെ ആദ്യഘട്ടത്തിൽ മുൻനിരയിൽ വിന്യസിക്കുകയും ചെയ്ത അർജന്റീനയുടെ യുവപരിശീലകൻ ലയണൽ സ്കലോണി പ്രത്യേകം അനുമോദനം അർഹിക്കുന്നു. തങ്ങളുടെ അന്തരിച്ച ഇതിഹാസതാരം ഡീഗോ മറഡോണ ക്കുള്ള ടീമിൻറെ സമ്മാനമാണ് ഈ കോപ്പ കിരീടം.ഇതുപോലെ അർജൻറീനയും ബ്രസീലും തമ്മിലുള്ള ഒരു സ്വപ്ന ഫൈനൽ അടുത്തവർഷം നടക്കുന്ന ഖത്തർ ലോകകപ്പിലും ഉണ്ടാകട്ടെ എന്ന് ആഗ്രഹിക്കുന്നു. അന്ന് മെസ്സി യുടെ ഒരു മനോഹര ഗോളിൽ അർജൻറീന ക്ക് ലോകകിരീടം നേടാൻ കഴിയട്ടെ എന്നും ആശംസിക്കുന്നു.അർജൻറീന ടീമിന് ഒരിക്കൽ കൂടി എൻറെ അഭിനന്ദനങ്ങൾ.