കൃത്യമായി ഓർമ്മയില്ല. എങ്കിലും ഓർമ്മ വരുന്നത് കുറിയ്ക്കാം. ആർത്തിരമ്പുന്ന ഗ്യാലറി. പാറിപ്പറക്കുന്ന ബ്രസീലിന്റെയും, അർജന്റീനയുടെയും പതാകകൾ. ഗ്രൗണ്ടിൽ പൊട്ടിത്തെറിക്കുന്ന കളിക്കാരുടെ ആവേശം. കോപ്പ അമേരിക്ക ട്രോഫി ഏറ്റുവാങ്ങിക്കൊണ്ട് ആഘോഷിക്കാനായി നിൽക്കുന്ന തന്റെ കൂട്ടുകാരുടെ ഇടയിലേക്ക് ലയണൽ മെസ്സി. പക്ഷേ, കൂട്ടുകാർ എല്ലാവരും മഞ്ഞയും, നീലയും ജേഴ്സിയണിഞ്ഞ ബ്രസീലിയൻ കളിക്കാർ. മെസ്സി സ്വയം നോക്കി. താനും അണിഞ്ഞിരിക്കുന്നത് അതെ മഞ്ഞ ജേഴ്സി. ആർത്തിരമ്പുന്ന ഗ്യാലറിയ്ക്ക് മുകളിലായി ആകാശത്തു അവ്യക്തമായി ഒരാൾ കൈ വിടർത്തി നിൽക്കുന്നു. അയാളുടെ കയ്യിൽ ചെഗുവേരയുടെ മുഖം പച്ചകുത്തിയിരിക്കുന്നു. കാലുകളിലാവട്ടെ, ഫിദൽ കാസ്ട്രോ. സാക്ഷാൽ ഡീഗോ മറഡോണ. മേഘങ്ങൾക്കിടയിൽ നിന്നുകൊണ്ട് അയാൾ കൈകൾ ആട്ടുന്നു. “ർണിംഗ്..” അഞ്ചുമണിയുടെ അലാറം അടിച്ചിരിക്കുന്നു. ദൈവമേ. സ്വപ്നം ആയിരുന്നോ? 5.30 നു കോപ്പ അമേരിക്ക ഫൈനൽ. കണ്ണിലും, കാതിലും, സ്വപ്നങ്ങളിലുമൊക്കെ ഫുട്ബോൾ മാത്രം. മഞ്ഞയണിഞ്ഞ മെസ്സി, മെസ്സി ഉയർത്തിയ ട്രോഫി, ആഹ്ലാദിക്കുന്നു മഞ്ഞപ്പട, ആകാശത്തു എല്ലാം കണ്ടുകൊണ്ടിരിക്കുന്ന മറഡോണ..
കുലദ്രോഹിയാണ് ഞാൻ. കണ്ണും കരളുമായ ബ്രസീലിനെ ഒരു നിമിഷം മറന്ന് മെസ്സിയെന്ന ജീനിയസ് കപ്പുയർത്തുന്നത് സ്വപ്നം കണ്ട ഞാൻ. പക്ഷേ, നമുക്ക് ചില മാനസികമായ മൃദുലവികാരങ്ങൾ ഉണ്ടല്ലോ. എതിർചേരിയായാലും, ബദ്ധവൈരികളായാലും ചില അർഹമായ കൈകളിൽ ആ ട്രോഫി കാണാൻ ആഗ്രഹിക്കുന്ന തികച്ചും നിസ്വാർഥമായ ആഗ്രഹം. അത്തരമൊരു മനസ്സുമായാണ് ഉറക്കമുണർന്നത്. സാധാരണയായി ആരാധനയുടെ പാരമ്യതകൊണ്ടാവാം, ബ്രസീൽ കളിക്കുന്ന ഫൈനൽ മത്സരങ്ങൾ കാണാറില്ല. ടെൻഷനടിച്ചു പണ്ടാരമടങ്ങും. ജയിച്ചാൽ മാത്രം പിന്നീട് റെക്കോർഡ് ചെയ്ത കളി കാണും. എന്നാൽ മെസ്സിയെന്ന ഇതിഹാസം, ഒരൊറ്റ അന്താരാഷ്ട്രമത്സര ട്രോഫിപോലുമില്ലാതെ ഒരു ഒറ്റയാനായി നിൽക്കുന്ന ദൈന്യത, അത് ഏറെ അർഹിച്ചിട്ടും ലഭിക്കാതെപോകുന്ന അവസ്ഥയോട് താദാത്മ്യം പ്രാപിച്ചാണ് കയ്യാലപ്പുറത്തെ മനസ്സുമായി കളികാണാൻ തീരുമാനിച്ചത്. ബ്രസീൽ ജയിക്കണം; പക്ഷേ മെസ്സി കപ്പുയർത്തണം. ഒരുതരം വൈരുദ്ധാത്മകമായ ആഗ്രഹം.
സംശയമില്ല, നന്നായി കളിച്ചത് ബ്രസീൽ തന്നെ. അവസാനനിമിഷങ്ങളിലെ ചില അഭിനയങ്ങളും, കയ്യേറ്റങ്ങളും ഒഴിച്ചുനിർത്തിയാൽ കളി സുന്ദരമായിരുന്നു. കിട്ടിയ ആദ്യത്തെ അവസരം തന്നെ മുതലാക്കിയ ഏഞ്ചൽ ഡി മരിയയ്ക്കു കൊടുക്കണം ഒരു കുതിരപ്പവൻ. ജീസസിന്റെ അഭാവം മഞ്ഞപ്പടയിൽ വല്ലാതെ പ്രകടമാവുമ്പോളും, അപ്പുറത്തു മിശിഹായുടെ ചില നല്ല നീക്കങ്ങൾ കയ്യടി നേടിക്കൊണ്ടിരുന്നു. അവസാന മിനിറ്റുകളിലൊന്നിൽ മെസ്സിയുടെ ഗോളെന്നുറപ്പിച്ച മുന്നേറ്റം, വീണുപോയ മെസ്സിയുടെ കാലിന്റെ ഇടയിൽനിന്ന് ബ്രസീൽ ഗോളി തട്ടിയെടുത്തപ്പോൾ മെസ്സി പറഞ്ഞിട്ടുണ്ടാവും, ബോൾ എടുത്തുകൊള്ളൂ. ട്രോഫി ഞാനിങ്ങെടുക്കും എന്ന്.
ദൈവമേ, തൊണ്ണൂറാം മിനിറ്റ്. ഇനി അഞ്ചുമിനിറ്റ് ഇഞ്ചുറി ടൈം. അർജന്റീന 1, ബ്രസീൽ 0. ഈശ്വരാ, ഞാൻ എന്താണ് ആഗ്രഹിച്ചത്. എന്താണ് സ്വപ്നം കണ്ടത്. മെസ്സി കപ്പുയർത്താനോ? കട്ട ബ്രസീൽ ഫാനാകാൻ അധികസമയം വേണ്ടിവന്നില്ല. ആദ്യത്തെ അന്താരാഷ്ട്രട്രോഫി ആഗ്രഹിക്കുന്ന മെസ്സിയുടെ ദയനീയമുഖം അറിഞ്ഞുകൊണ്ട് അങ്ങ് മറന്നു. വ്യക്തിയല്ല, ടീമാണ് പ്രധാനം. ബ്രസീൽ ഗോൾ തിരിച്ചടിക്കണേ. ഇനി അഞ്ചു മിനിട്ടുമാത്രം. ടി.വി ഓഫ് ചെയ്തു. ഞാൻ കണ്ടുകൊണ്ടിരുന്നാൽ ബ്രസീൽ ജയിക്കില്ല. വർഷങ്ങളായുള്ള അന്ധവിശ്വാസമാണ്. ഞാൻ കാണാതിരുന്നാലെങ്കിലും ബ്രസീൽ ഒരു ഗോൾ തിരിച്ചടിച്ചാലോ!! പ്രതീക്ഷയാണല്ലോ മനുഷ്യനെ മുന്നോട്ടുനയിക്കുന്നത്. ഏതായാലും കളി കഴിഞ്ഞിട്ട് കാണാം. അല്ലെങ്കിൽ ഹൃദയം പൊട്ടിപ്പോകാൻ സാധ്യത ഏറെയാണ്. ഫോണിലെ സ്റ്റോപ്പ് വാച്ചിൽ അഞ്ചുമിനിറ്റ് സെറ്റ് ചെയ്തു. സമയം പിറകിലേക്ക് ഓടിക്കൊണ്ടിരുന്നു. ലോകം മുഴുവൻ ടീവിയുടെമുന്നിൽ പ്രാർഥനയോടെ ഇരിക്കുന്ന അഞ്ചുമിനിറ്റുകൾ. ഞാൻ മാത്രം ടി.വിയ്ക്ക് പകരം ഫോണിലെ സ്റ്റോപ്പ് വാച്ചിൽ കണ്ണുംനട്ട്. മെസ്സിയെ മറന്നു, ഗോളടിച്ച ഡി മരിയയെ വെറുത്തു. ബ്രസീൽ ജയിക്കണം, ജയിച്ചേ പറ്റൂ. ആവശ്യങ്ങൾക്കുമാത്രം വിളിക്കാറുള്ള ദൈവങ്ങളെ ഒന്നുകൂടി വിളിച്ചു പ്രാർഥിച്ചു. പണ്ടാരം, ഇന്ന് കളി കാണാണ്ടായിരുന്നു. മനസമാധാനം പോയിക്കിട്ടി. അഞ്ചുമിനിറ്റ് ആണെങ്കിലും ഹൃദയം ഇങ്ങനെ വേഗത്തിൽ മിടിക്കുന്നത് ശരീരത്തിന് നല്ലതാണോ ആവോ!! സ്റ്റോപ്പ് വാച്ചിൽ മിനിറ്റുകൾ സെക്കന്റുകളായി. 60, 59, 58 … ഒടുവിൽ പൂജ്യമായി വലിയ ഒരു “ർണിങ്” ശബ്ദത്തോടെ ഒരുതരം വിഷാദശബ്ദം പുറപ്പെടുവിച്ചു. ബ്രസീൽ തിരിച്ചടിച്ചിട്ടുണ്ടാവുമോ? ഉണ്ടാവണേ.. ടി.വി ഓണാക്കി.
പുറത്തു നല്ല മഴ. ടിവിയിലേക്ക് ചെവി തിരിച്ചപ്പോൾ ഗ്യാലറികൾ ഇളകിമറിയുന്ന ശബ്ദം. അടച്ചുവച്ച കണ്ണുകൾ മെല്ലെ തുറന്നു. ഗ്രൗണ്ടിൽ നീലയും വെള്ളയും കലർന്ന ജേഴ്സിയിട്ടവരുടെ ഇടയിലായി ആകാശത്തേക്ക് ഉയർന്നുപൊങ്ങുന്ന ഒരാൾ. അവർ ആഹ്ലാദത്തിൽ അയാളെ വായുവിലിട്ട് താലോലിക്കുകയാണ്. അതെ, മിശിഹാ തന്നെ. പക്ഷേ, സ്വപ്നം പോലെ അയാൾ അണിഞ്ഞിരിക്കുന്നത് മഞ്ഞ ജേഴ്സിയല്ല. തൊട്ടടുത്ത വിഷ്വലിൽ മുട്ടുകാലിൽ ഇരുന്നുകൊണ്ട്, കൈകൾ രണ്ടും മുകളിലേക്ക് ഉയർത്തിക്കൊണ്ട് തേങ്ങുന്ന നെയ്മർ. ഓ ഗോഡ്. കൈവിട്ടിരിക്കുന്നു. ബ്രസീൽ കപ്പ് കൈവിട്ടിരിക്കുന്നു. പ്രതിഭയുടെ വിളനിലമായിരുന്നിട്ടും, കൈവരാതെപോയ ട്രോഫി അല്പസമയത്തിനുള്ളിൽ കരഗതമാക്കാൻ പോകുന്ന മെസ്സി. ഒരിടത്തു ആഘോഷം, മറ്റൊരിടത്തു കാർമേഘങ്ങൾ. ബ്രസീൽ കരയുകയാണ്. ലോകത്തു ഏറ്റവുമധികം ഫുട്ബോൾ ആരാധകരുള്ള ടീം തേങ്ങുകയാണ്. അതിലൊരു ആരാധകനായി ഞാനും. പക്ഷേ, തന്റെ ഇന്നലത്തെ സ്വപ്നമോ? താൻ ഒരുവേളയെങ്കിലും ആഗ്രഹിച്ചുപോയ നശിച്ച നിമിഷം? അറിയാതെയെങ്കിലും സ്വന്തം ടീമിന്റെ തോൽവി ആഗ്രഹിച്ച കുലദ്രോഹി. പക്ഷേ, ഉറപ്പാണ് ലോകത്തെ ബ്രസീൽ ഫാൻസ് ക്ഷമിക്കുമെന്ന്. കാരണം, ഫുട്ബോൾ ലോകത്തെ ഏറ്റവും വലിയ മതമാണ്, ഭാഷയാണ്. അന്ധമായ ആരാധയ്ക്കിടയിലും യഥാർഥ സ്പോർട്സ്മാൻ സ്പിരിറ്റ് എന്നത്, സ്നേഹത്തിന്റെയും അനുകമ്പയുടെയും, സമത്വത്തിന്റെയും കൂടി പ്രതീകമാണെന്ന്. ഞായറാഴ്ചയല്ലേ, കൂടെ ലോക്ഡൗണും. നേരത്തെ എണീറ്റതിന്റെ ക്ഷീണം ഉറങ്ങിത്തന്നെ തീർക്കാം. ഉറക്കത്തിലേക്ക് വഴിമാറിയെങ്കിലും, ഇന്നലത്തെ സ്വപ്നങ്ങളിലെ ദൃശ്യമായിരുന്നു മനസ്സിൽ. മഞ്ഞയണിഞ്ഞ കാനറിപ്പക്ഷികൾക്കുനടുവിൽ കപ്പുയർത്തിനിൽക്കുന്ന മെസ്സി. അതേ, അയാളുടെ ജേഴ്സിയും മഞ്ഞയും, നീലയും തന്നെ. മുകളിൽ അപ്പോളും മറഡോണയുടെ സന്തോഷനൃത്തം അവസാനിച്ചിരുന്നില്ല.
ഡോ. അബേഷ് രഘുവരൻ
അസിസ്റ്റന്റ് പ്രൊഫസർ
സെന്റർ ഫോർ സയൻസ് ഇൻ സൊസൈറ്റി
കൊച്ചി സർവ്വകലാശാല.