ഹവാന > കോവിഡിനെതിരെ ക്യൂബ വികസിപ്പിച്ച വാക്സിനുകൾ നിലവിൽ ഉപയോഗത്തിൽ ഉള്ളവയേക്കാൾ ഫലപ്രദമെന്ന് പഠനം. സർക്കാർ ഉടമസ്ഥതയിലുള്ള ബയോഫാർമ വികസിപ്പിച്ച ‘സൊബെറാന 2’ 91.2 ശതമാനം ഫലപ്രദമെന്ന് മൂന്നാംഘട്ട ക്ലിനിക്കൽ ട്രയലിൽ തെളിഞ്ഞു. അബ്ദല വാക്സിൻ 92.8 ശതമാനം ഫലപ്രദമെന്ന് അധികൃതർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. 28 ദിവസത്തെ ഇടവേളയിൽ മൂന്ന് ഡോസ് വാക്സിനാണ് നൽകേണ്ടത്. ‘സൊബെറാന’യിൽ മൂന്നാം ഡോസായി ‘സൊബെറാന പ്ലസ്’ നൽകുന്നു.
റഫ്രിജറേറ്ററിൽ രണ്ടുമുതൽ എട്ടുവരെ ഡിഗ്രി താപനിലയിൽ സൂക്ഷിക്കാമെന്നതും പ്രത്യേകതയാണ്. കൺജുഗേറ്റ് സാങ്കേതികവിദ്യ ഉപയോഗിച്ച് തയ്യാറാക്കിയ ആദ്യ കോവിഡ് വാക്സിനുകളാണ് ഇവ. വൈറസിന്റെ സ്പൈക്ക് പ്രോട്ടീൻ കൃത്രിമ പദാർഥവുമായി കൂട്ടിച്ചേർത്താണ് അബ്ദല വാക്സിൻ നിർമിച്ചിരിക്കുന്നത്. ടെറ്റനസ് വാക്സിനുമായി ചേർത്താണ് സൊബെറാന തയ്യാറാക്കിയിരിക്കുന്നത്. വാക്സിനിലെ വൈറസ് ആന്റിജൻ മനുഷ്യ ശരീരത്തിൽ കൂടുതൽ ഫലപ്രദമായി പ്രവർത്തിക്കുന്നെന്ന് ഉറപ്പാക്കാനാണ് ഇത്.
ആഗസ്തോടെ രാജ്യത്തെ 70 ശതമാനം ആളുകൾക്കും വർഷാന്ത്യത്തോട മുഴുവൻ പേർക്കും വാക്സിൻ ലഭ്യമാക്കുകയാണ് ലക്ഷ്യം. ഇന്ത്യ, പാകിസ്ഥാൻ എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങളും ആഫ്രിക്കൻ യൂണിയനും വാക്സിൻ ഇറക്കുമതി ചെയ്യാൻ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. സൊബെറാനയുടെ ഇറാനിലെ മൂന്നാം ഘട്ട പരീക്ഷണം അവസാനഘട്ടത്തിലാണ്. വാക്സിൻ ഇറാനിൽ നിർമിക്കാനായി സാങ്കേതികവിദ്യ ഉടൻ കൈമാറും.
അതേസമയം, ക്യൂബയിൽ ഗർഭിണികൾക്ക് വാക്സിൻ നൽകാനുള്ള തയ്യാറെടുപ്പും പുരോഗമിക്കുന്നു. ഗർഭകാലയളവിൽ വാക്സിനെടുക്കാത്തവർക്ക് പ്രസവം കഴിഞ്ഞ് അടുത്ത ദിനങ്ങളിൽത്തന്നെ വാക്സിൻ നൽകും.