കൊച്ചി: കാല്‍പന്തുകളിയും അര്‍ജന്റീനയും, ഇത് ഒരു ഒന്നൊന്നര കോമ്പിനേഷനാണ്. ഇതിലെ ഏറ്റവും മികച്ച ചേരുവ എന്തെന്ന് ചോദിച്ചാല്‍ ഒരു ഉത്തരമേ ഉള്ളു. അത് ലയണല്‍ മെസിയാണ്. ഇന്ന് നീലയും വെള്ളയുമുള്ള കുപ്പായമണിഞ്ഞ ആരാധകര്‍ തെരുവുകളില്‍ ആനന്ദ നൃത്തമാടുകയാണ്.
കോവിഡിന് തടയാനാകത്ത ഒന്ന്. ഒരു പക്ഷെ ആര്‍ക്കും അവരെ തടയാനാകില്ല. കാരണം രണ്ടര പതിറ്റാണ്ടിന് മുകളിലായുള്ള കാത്തിരിപ്പിനാണ് ഇന്ന് അവസാനമായത്. തന്നോളം സ്നേഹിക്കുന്ന മെസി ആദ്യമായി രാജ്യത്തിനു വേണ്ടി കപ്പ് ഉയര്‍ത്തി.
ഇന്ന് ആരുടെ വാട്സാപ്പ് പരിശോധിച്ചാലും നീലക്കടലായിരിക്കും. അത്രക്ക് പ്രിയപ്പെട്ടതാണ് കേരളിയര്‍ക്ക് അര്‍ജന്റീന. ടീവിയില്‍ കപ്പടിച്ചത് കണ്ടിട്ടുണ്ടോ നിങ്ങള്‍ എന്ന ബ്രസീല്‍ ആരാധകരുടെ ചോദ്യത്തിന് ഇനിയവര്‍ക്ക് തല ഉയര്‍ത്തി തന്നെ മറുപടി പറയാം. കാരണം തോല്‍പ്പിച്ചത് മാരക്കാനയുടെ ഹൃദയമിടിപ്പിനെ തന്നെയാണല്ലോ.
മെസിക്കും കൂട്ടര്‍ക്കും കിട്ടാക്കനിയായിരുന്നു ഇന്നലെ വരെ ഒരു കിരീടം. 2014 ലോകകപ്പ് കിരീടം ജര്‍മനിക്ക് മുന്നില്‍ അടിയറവ് പറഞ്ഞത് ആര്‍ക്കും മറക്കാനാകില്ല. പകരക്കാരനായി ജര്‍മനിക്കായി എത്തിയ മരിയോ ഗോഡ്സെ അന്ന് തട്ടിത്തെറിപ്പിച്ചത് ഒരു ജനതയുടെ തന്നെ സ്വപന്മായിരുന്നു. സ്വര്‍ണ കിരീടത്തിലേക്കുളള മെസിയുടെ നോട്ടം ഇന്നും ആരാധകര്‍ക്ക് നെഞ്ചിടിപ്പാണ്.
പിന്നീട് കാല്‍പന്തുകളി പല തവണ മെസിയേയും അര്‍ജന്റീനയേയും മോഹിപ്പിച്ച് കടന്നു കളഞ്ഞു. 2015, 2016 കോപ്പ അമേരിക്ക ഫൈനലുകളില്‍ ചിലിക്ക് മുന്നില്‍ നിന്ന് കണ്ണീരോടെ മെസി പടിയിറങ്ങി. വിരമിക്കല്‍ പ്രഖ്യാപനം വരെ നടത്തി മിശിഹ.
അയാള്‍ അര്‍ജന്റീനന്‍ കുപ്പായമണിയില്ല എന്ന് കരുതി. പക്ഷെ മൈതാനത്ത് നിന്ന് മാറി നില്‍ക്കാന്‍ അയാള്‍ക്കായില്ല. 2021 കോപ്പയില്‍ മെസിയിലൂടെയാണ് അര്‍ജന്റീന വളര്‍ന്നത്. കിരീട പ്രതീക്ഷയിലേക്ക് എത്തിയത്. നാല് ഗോളുകളും അഞ്ച് അസിസ്റ്റുകളും. കോപ്പയുടെ ചരിത്രത്തിലെ മെസിയുടെ മികച്ച പ്രകടനം. ഒടുവിലാ കിരീടത്തിന്റെ മധുരവും മെസി നുണഞ്ഞു.
അവസാന വിസില്‍ മുഴങ്ങിയപ്പോള്‍ ഒരു കൊച്ചു കുട്ടിയെ പോലെ അയാള്‍ പൊട്ടിക്കരഞ്ഞു. സഹതാരങ്ങള്‍ അയാളെ തോളിലേറ്റി. വാനോളം ഉയര്‍ത്തി. ഐതിഹാസമായ കരിയറില്‍ ഇന്ന് വരെ അനുഭവിക്കാത്ത ഒന്ന് അയാള്‍ക്ക് ലഭിച്ചു. ബ്യൂണസ് ഐറിസിലെ തെരുവുകള്‍ ഇന്ന് അയാളുടെ നാമം ഏറ്റുപാടുകയാണ്. വരും കാലങ്ങളും അത് കേള്‍ക്കും.
Also Read: Copa America 2021: സാംബ താളം നിലച്ചു; മാരക്കാനയില്‍ അര്‍ജന്റീനയ്ക്ക് പട്ടാഭിഷേകം
The post മിശിഹയ്ക്ക് കിരീടധാരണം; ആരാധകര്‍ക്ക് ആഘോഷരാവ് appeared first on Indian Express Malayalam.