കായംകുളം: മദ്യലഹരിയിൽ അച്ഛൻ മർദിച്ച ഏഴുവയസ്സുകാരി തലയ്ക്കുസാരമായി പരിക്കേറ്റു വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ. സംഭവശേഷം രക്ഷപ്പെട്ട അച്ഛൻ പത്തിയൂർ തോട്ടംഭാഗം രാജേഷ്ഭവനത്തിൽ രാജേഷി(36)നെ അറസ്റ്റുചെയ്തു. ന്യൂറോസർജറി വിഭാഗത്തിന്റെ നിരീക്ഷണത്തിലാണു കുട്ടി. തലയോട്ടിക്കു പൊട്ടലുണ്ട്. ഇപ്പോൾ ബോധമുണ്ടെന്നു ഡോക്ടർമാർ അറിയിച്ചു.
വെള്ളിയാഴ്ച രാത്രി പതിനൊന്നരയോടെയാണു സംഭവം. ടൈൽ പണിക്കാരനായ രാജേഷ് സ്ഥിരമായി മദ്യപിച്ചെത്തി ഭാര്യ ഷംനയുമായി വഴക്കിടാറുണ്ടെന്നു പോലീസ് പറഞ്ഞു. ഇവർക്കു മൂന്നുമക്കളാണ്. മൂത്തതു രണ്ട് ആൺകുട്ടികൾ. മൂന്നാമത്തെ കുട്ടിയാണു പരിക്കേറ്റ അനർഷ (ദേവൂട്ടി).
വെള്ളിയാഴ്ചയും രാജേഷ് ഭാര്യയുമായി വഴക്കുണ്ടാക്കിയതായി നാട്ടുകാർ പറഞ്ഞു. രാജേഷ് ഷംനയെ മർദിക്കുന്നതുകണ്ട് മൂത്ത രണ്ടുകുട്ടികൾ പേടിച്ച് അടുത്തപറമ്പിൽ ഓടിയൊളിച്ചു. ഷംനയെ കഴുത്തിൽ ഷാളിട്ടു മുറുക്കുന്നതുകണ്ട് തടയാൻ ഓടിയെത്തിയ അനർഷയെയും തല്ലി. തുടർന്ന് കാലിൽപ്പിടിച്ചു പൊക്കിയെടുത്ത് എറിയുകയായിരുന്നു. തലയ്ക്കു സാരമായി പരിക്കേറ്റ കുട്ടിയുടെ ബോധം നഷ്ടപ്പെടുകയും ചെയ്തു.
ബഹളംകേട്ട് നാട്ടുകാരെത്തിയപ്പോൾ ഷംനയും അനർഷയും ബോധംകെട്ടു കിടക്കുകയായിരുന്നു. തുടർന്ന്, രാജേഷ് കുട്ടിയെ ഓട്ടോറിക്ഷയിൽ പത്തിയൂരിലെ സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോയി.
ഡോക്ടർ ഇല്ലാത്തതിനാൽ തിരിച്ചുവീട്ടിൽ കൊണ്ടുവന്നു. വിവരമറിഞ്ഞെത്തിയ വാർഡംഗം അമ്പിളി ഷാജിയും നാട്ടുകാരും ചേർന്നാണു കുട്ടിയെ താലൂക്കാശുപത്രിയിൽ എത്തിച്ചത്. നില ഗുരുതരമായതിനാൽ വണ്ടാനം മെഡിക്കൽ കോളേജാശുപത്രിയിൽ എത്തിക്കുകയായിരുന്നു.
കുട്ടിയുടെ സ്ഥിതിയറിഞ്ഞ് രാജേഷ് രക്ഷപ്പെട്ടെങ്കിലും ഓച്ചിറയിൽനിന്ന് പോലീസ് പിടികൂടി. കരീലക്കുളങ്ങര സി.ഐ. എസ്. സുധി ലാലിന്റെ നേതൃത്വത്തിൽ പോലീസ് സംഭവസ്ഥലത്തെത്തി.
ആറാട്ടുപുഴ സ്കൂളിലെ മൂന്നാംതരം വിദ്യാർഥിയാണ് അനർഷ. കുട്ടിയുടെ രണ്ടുസഹോദരൻമാരെ ശിശുസംരക്ഷണസമിതി ഏറ്റെടുത്തു. ഷംന മകളോടൊപ്പം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്.
സംസ്ഥാന ബാലാവകാശ കമ്മിഷൻ ചെയർമാൻ കെ.വി. മനോജ്കുമാർ അനർഷയെ ആശുപത്രയിൽ സന്ദർശിച്ചു. ആലപ്പുഴ ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. ജലജാചന്ദ്രൻ, അംഗം നാജ, ജില്ലാ ശിശുസംരക്ഷണ ഓഫീസർ ടി.വി. മിനിമോൾ, എ.എസ്. അനഘ എന്നിവരും ഒപ്പമുണ്ടായിരുന്നു.