കോഴിക്കോട്: സിനിമയിൽ തിരക്കുകുറഞ്ഞ കോവിഡ് കാലത്ത് നടൻ ജോയ് മാത്യു പലചരക്കുകട തുടങ്ങിയോ? പ്രതിസന്ധിയിൽ പ്രിയതാരത്തിന് പണംനൽകി സഹായിക്കണോ? സോഷ്യൽ മീഡിയയിൽ തമാശയ്ക്ക് പോസ്റ്റുചെയ്ത ഫോട്ടോമൂലം ആരാധകരുടെ സ്നേഹാന്വേഷണങ്ങളിൽ വീർപ്പുമുട്ടുകയാണ് ജോയ് മാത്യു. നിലമ്പൂരിലും ഗൂഡല്ലൂരിലുംമറ്റും ചിത്രീകരിച്ച ക്യാബിൻ സിനിമയുടെ ഷൂട്ടിങ് സമയത്ത് ഒരു പലചരക്കുകടയ്ക്കുമുന്നിൽ നടൻ കൈലാഷുമൊത്ത് നിൽക്കുമ്പോൾ എടുത്ത ഫോട്ടോയാണത്. അതും രണ്ടുവർഷംമുമ്പ്.
അത് സോഷ്യൽ മീഡിയിലിട്ടപ്പോൾ, സിനിമകൾ നിന്നു. പണിയില്ലാതായി, ശത്രുക്കളായ സുഹൃത്തുക്കൾക്ക് സന്തോഷമായി. അങ്ങനെയാണ് പലചരക്കുകട തുടങ്ങിയത്. പഴയ നീലത്താമര ഫെയിം പയ്യൻ കൈലാഷ് സഹായിയായുണ്ട്… എന്നൊക്കെ അടിക്കുറിപ്പുകൂടിയിട്ടു. കണ്ടപ്പോൾ പലരും അത് സത്യമെന്ന് കരുതി. കടയിൽ എന്തൊക്കെയുണ്ട് എന്ന് കുശലംചോദിച്ച് വിളിച്ച എഴുത്തുകാരിയോട് മാല, വള, പൊട്ട് , കൺമഷി ഒക്കെയുണ്ട് എന്നുപറഞ്ഞപ്പോൾ അവരും അത് വിശ്വസിച്ചു. പ്രതിസന്ധിയിൽ പണം നൽകി സഹായിക്കാൻ അക്കൗണ്ട് നമ്പർ ചോദിച്ച് വിളിച്ചവർ വേറെ. പുതിയസംരംഭത്തിന് പൂർണവിജയം ആശംസിച്ചവരുമേറെ.
ഇനി ചിത്രം പോസ്റ്റ്ചെയ്തതിന്റെ ഫ്ളാഷ് ബാക്ക്: സുഹൃത്തായ കൈലാഷിന്റെ ജന്മദിനത്തിൽ ആശംസനേരാൻ ജോയ് മാത്യു മറന്നു. അതിന്റെ പരിഭവംമായ്ക്കാൻ പിറ്റേന്ന് ഇട്ട പോസ്റ്റാണ് പഴയ ഈ ഫോട്ടോ. ആ രംഗം സിനിമയിലുള്ളതല്ല. ലൊക്കേഷനിലെ ഒരു ചെറിയ ഒഴിവുസമയ ഷോപ്പിങ്വേള. കളിയാണിതെന്ന് കൈലാഷിന് മനസ്സിലായി. കടയിലെ പയ്യന് ജോയ് മാത്യു ഓഫർചെയ്ത കോയിക്കോടൻ ബിരിയാണി ഹോം ഡെലിവറി ആക്കിത്തരാമോ എന്നൊക്കെ ചോദിച്ച് കൈലാഷ് കുസൃതിയും സ്നേഹവും ചാലിച്ച മറുപടിയാണിട്ടത്.
മലയാളിക്ക് നർമം അല്പം സമയമെടുത്തുമാത്രമേ മനസ്സിലാവൂ എന്നതാണ് തനിക്കുലഭിച്ച സന്ദേശങ്ങളും പോസ്റ്റിലെ കമന്റുകളും സൂചിപ്പിക്കുന്നതെന്ന് ജോയ് മാത്യു പറഞ്ഞു. ഒരു കിടിലൻ കുസൃതിയൊപ്പിച്ചതിലെ രസത്തോടെ മലാപ്പറമ്പിലെ വീട്ടിലിരുന്ന് നടൻ താടിതടവി പൊട്ടിച്ചിരിക്കുന്നു.