കൊച്ചി > ലക്ഷദ്വീപ് ഭരണനേതൃത്വത്തിന് തിരിച്ചടിയായി ഒഴിപ്പിക്കൽ നടപടി ഹൈക്കോടതി വീണ്ടും തടഞ്ഞു. അമിനി, കവരത്തി ദ്വീപുനിവാസികളെ ഒഴിപ്പിക്കാനുള്ള നീക്കവും സുഹേലി ദ്വീപിലെ ഷെഡ്ഡുകൾ പൊളിക്കാനുള്ള ഡെപ്യൂട്ടി കലക്ടറുടെ നടപടിയുമാണ് ഹൈക്കോടതി തടഞ്ഞത്.
അമിനി, കവരത്തി ദ്വീപുനിവാസികളെ ഒഴിപ്പിക്കാൻ നീക്കം നടക്കുന്നുവെന്ന ഹർജിയിൽ ശനിയാഴ്ച പ്രത്യേക സിറ്റിങ് നടത്തിയാണ് കോടതി ഉത്തരവ്. സുഹേലി ദ്വീപിലെ ഷെഡ്ഡുകൾ പൊളിക്കാനുള്ള ഡെപ്യൂട്ടി കലക്ടറുടെ നോട്ടീസ് ചോദ്യംചെയ്ത് കവരത്തി ദ്വീപുനിവാസികൾ നൽകിയ ഹർജിയിൽ വെള്ളിയാഴ്ചയാണ് സ്റ്റേ. ആൾത്താമസമില്ലാത്ത സുഹേലി ദ്വീപിൽ ഭൂമി കൈവശംവയ്ക്കാൻ കോവിൽദാർമാർഎന്നറിയപ്പെടുന്ന തങ്ങൾക്ക് അവകാശമുണ്ടെന്നും നാളികേരം, പണിയായുധം, വള്ളം, വല എന്നിവ സൂക്ഷിക്കാനായി കെട്ടിയ ഷെഡ്ഡുകൾ പൊളിക്കാനുള്ള നോട്ടീസിന് നിയമസാധുതയില്ലെന്നും ഹർജിയിൽ പറഞ്ഞു.
നോട്ടീസിന് മറുപടി നൽകാൻ രണ്ടുദിവസം മാത്രമാണ് സാവകാശം നൽകിയതെന്നും ഇത് നീതീകരിക്കാനാകില്ലെന്നും വ്യക്തമാക്കിയാണ് ജസ്റ്റിസ് സുനിൽ തോമസിന്റെ സ്റ്റേ. ഹർജിയിൽ ദ്വീപ് ഭരണനേതൃത്വത്തോട് കോടതി വിശദീകരണവും തേടി.