കോട്ടയം > കേരള കോൺഗ്രസ് പി ജെ ജോസഫ് വിഭാഗം ഭാരവാഹികളുടെ ശീതസമരം ഭരണഘടനാ തർക്കത്തിലേക്ക്. പി സി തോമസും പി ജെ വിഭാഗവും ലയിച്ചശേഷം ഉണ്ടാക്കിയ ഭരണഘടനയിലെ സെക്രട്ടറി ജനറൽ, എക്സിക്യൂട്ടീവ് ചെയർമാൻ സ്ഥാനങ്ങൾ ചൊല്ലിയാണ് പോര്.
നിലവിൽ ഈ സ്ഥാനങ്ങൾ വഹിക്കുന്ന ജോസഫ് വിഭാഗത്തിലെ ജോയി ഏബ്രാഹം, മോൻസ് ജോസഫ് എന്നിവരും ഡെപ്യൂട്ടി ചെയർമാന്മാരായ ഫ്രാൻസിസ് ജോർജ്, തോമസ് ഉണ്ണിയാടൻ, ജോണി നെല്ലൂർ എന്നിവരും തമ്മിലാണ് തർക്കം. ലയനമുണ്ടായപ്പോൾ എല്ലാവർക്കും സ്ഥാനം നൽകാനാണ് ഭരണഘടന രൂപപ്പെടുത്തി പുതിയ സ്ഥാനം കൊണ്ടുവന്നതെന്ന് ജോസഫ് വിഭാഗം പറയുന്നു. എന്നാൽ ഈ സ്ഥാനങ്ങൾ നിശ്ചയിച്ച ഭരണഘടനാ ഭേദഗതിക്ക് സാംഗത്യമില്ലെന്നാണ് മറുവിഭാഗവും മുതിർന്ന നേതാവ് അറയ്ക്കൽ ബാലകൃഷ്ണപിള്ളയും വാദിക്കുന്നത്.
രണ്ട് ഡസനോളം പിളർപ്പുണ്ടായ പാർടിയിൽ ഇതുവരെ ഈ സ്ഥാനമുള്ള ഭരണഘടന കണ്ടിട്ടില്ലെന്ന് ഇവർ പറയുന്നു. ഏത് സംസ്ഥാന കമ്മിറ്റിയാണ് ഭരണഘടന അംഗീകരിച്ചതെന്നും ഇവർ ചോദിക്കുന്നു. കഴിഞ്ഞ ദിവസം ചെയർമാൻ പി ജെയുടെ വീട്ടിലെത്തി ഇക്കാര്യം ഉന്നയിച്ചു. പരിശോധിക്കുമെന്നാണ് മറുപടി–- ഡെപ്യൂട്ടി ചെയർമാന്മാർഅവകാശപ്പെട്ടു. ഇതിനിടെ, എല്ലാവരും അച്ചടക്കം പാലിക്കണമെന്ന് മോൻസിന്റെ പ്രസ്താവന വന്നു. എന്നാൽ ആരും അച്ചടക്കത്തിന്റെ പേരിൽപ്രസ്താവനയിറക്കി ഇല്ലാത്ത അധികാരം പ്രയോഗിക്കേണ്ടെന്നായിരുന്നു ജോണി നെല്ലൂരിന്റെ മറുപടി. ചെയർമാനായിരുന്ന കെ എം മാണി മരിച്ചപ്പോഴുണ്ടായ ഭരണഘടനാ തർക്കമാണ് സമീപകാല പിളർപ്പിന് ഇടയാക്കിയത്.