ന്യൂഡൽഹി > രാഷ്ട്രീയ ഉദ്ദേശ്യത്തോടെ രാജ്യദ്രോഹക്കുറ്റം ചുമത്തുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് മുതിർന്ന മാധ്യമപ്രവർത്തകൻ ശശികുമാർ സുപ്രീംകോടതിയെ സമീപിച്ചു. മണിപ്പുർ സ്വദേശികളായ രണ്ട് മാധ്യമപ്രവർത്തകർക്ക് എതിരെ ഐപിസി 124 വകുപ്പ് ചുമത്തിയതിന് എതിരായ കേസിൽ ഇടപെടൽ ഹർജി നൽകി. ഈ കേസിൽ ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ച് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
സ്വാതന്ത്ര്യപ്രക്ഷോഭത്തെ അടിച്ചമർത്താൻ ബ്രിട്ടീഷുകാർ ആയുധമാക്കിയ രാജ്യദ്രോഹക്കുറ്റം, ഇപ്പോൾ അഭിപ്രായസ്വാതന്ത്ര്യത്തെ അടിച്ചമർത്താൻ ഉപയോഗിക്കുകയാണെന്ന് അഭിഭാഷകരായ കാളീശ്വരംരാജ്, നിഷേരാജൻശങ്കർ, തുളസി കെ രാജ് എന്നിവർ മുഖേന സമർപ്പിച്ച ഹർജിയിൽ ശശികുമാർ ചൂണ്ടിക്കാട്ടി. പൗരത്വഭേദഗതി നിയമത്തിന് എതിരെ പ്രതിഷേധിച്ച 3,000ത്തോളം പേർക്കും വിവിധ ഭൂമിത്തർക്കങ്ങളുടെ പേരിൽ ആയിരക്കണക്കിന് കർഷകർക്കും എതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയിട്ടുണ്ട്.
മാധ്യമപ്രവർത്തകരായ വിനോദ് ദുവ, വിനോദ് കെ ജോസ്, സിദ്ദിഖ് കാപ്പൻ, പരിസ്ഥിതി പ്രവർത്തക ദിഷ രവി, ചലച്ചിത്രപ്രവർത്തക ആയിഷ സുൽത്താന, ശശി തരൂർ എംപി തുടങ്ങി നിരവധി പേർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ കേസിൽ ഇടപെട്ട് രാജ്യദ്രോഹക്കുറ്റത്തിന് എതിരെ വാദങ്ങൾ അവതരിപ്പിക്കാൻ അവസരം നൽകണമെന്ന് ശശികുമാർ ആവശ്യപ്പെട്ടു. 12ന് സുപ്രീംകോടതി കേസ് പരിഗണിക്കും.