തിരുവനന്തപുരം > കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ചുമതലയിൽ സഹകരണമന്ത്രാലയം രൂപീകരിക്കുന്നതിന്റെ മുഖ്യലക്ഷ്യങ്ങളിലൊന്ന് കേരളത്തിൽ ബിജെപിക്കാർ തുടങ്ങിയ ‘ഹിന്ദു ബാങ്കു’കൾക്ക് അടിത്തറയൊരുക്കൽ. ഹിന്ദുക്കളുടെ പണം ഹിന്ദുക്കൾക്ക് എന്നാണ് ഈ ബാങ്കുകളുടെ മുദ്രാവാക്യം.
കേന്ദ്രസർക്കാരിന്റെ 2014ലെ നിധി റൂൾ പ്രകാരം പ്രവർത്തിക്കുന്ന ബാങ്കേതര ധനസ്ഥാപനങ്ങളാണിവ. 870 കമ്പനി കേരളത്തിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ബിജെപി കേന്ദ്രങ്ങൾ പറയുന്നു. ഇവയിലൊരുഭാഗം കേന്ദ്ര സഹകരണ നിയമപ്രകാരമുള്ള അന്തർ സംസ്ഥാന സംഘങ്ങളാണ്. അതിലൊന്നാണ് നിക്ഷേപകരുടെ പണം തട്ടി മുങ്ങിയ ചെർപ്പുളശേരി ഹിന്ദു ബാങ്ക്. ഹിന്ദുനിധി കമ്പനികളെ അന്തർസംസ്ഥാന സഹകരണ സംഘങ്ങളാക്കാനോ പുതിയവ ആരംഭിക്കാനോ ആയിരിക്കും മന്ത്രാലയത്തിന്റെ ശ്രമം. ഹിന്ദു ബാങ്കുകൾക്ക് ധനസഹായത്തിന് കേന്ദ്ര സർക്കാർ മുൻകൈയിൽ അന്തർ സംസ്ഥാന സഹകരണ ബാങ്ക് ആരംഭിക്കാനുള്ള സാധ്യതയും തള്ളാനാകില്ലന്ന് മുൻ ധനമന്ത്രി ഡോ. ടി എം തോമസ് ഐസക് പറഞ്ഞു.
കേരളത്തിലെ നൂറ്റാണ്ട് പഴക്കമുള്ള ജനകീയ സംഘങ്ങളെ തകർക്കാൻ റിസർവ് ബാങ്കിനെയാകും ഉപയോഗിക്കുകയെന്ന് ഐസക് വിലയിരുത്തി. ബാങ്കിങ് നിയന്ത്രണ നിയമഭേദഗതിയിലൂടെ അർബൻ ബാങ്കുകളെയും സംസ്ഥാന സഹകരണ ബാങ്കിനെയും റിസർവ് ബാങ്ക് കൈപ്പിടിയിലാക്കി. പ്രാഥമിക കാർഷിക സംഘങ്ങൾക്കും കാർഷിക വികസന സംഘങ്ങൾക്കും ബാങ്ക് വിശേഷണം നിഷേധിക്കപ്പെടാം. ഇതോടെ അമിത് ഷായുടെ ചൊൽപ്പടിക്കുനിൽക്കുന്ന അന്തർ സംസ്ഥാന സഹകരണ ബാങ്കുകളും അനുബന്ധ സ്ഥാപനങ്ങളും സംസ്ഥാന സഹകരണ മേഖല നിയന്ത്രിക്കും. വായ്പാ സംഘങ്ങൾ വരുതിയിലാക്കി മറ്റു സംഘങ്ങളെയും കീഴ്പ്പെടുത്തുകയാകും തന്ത്രം.