തിരുവനന്തപുരം > കുടുംബാസൂത്രണത്തിന്റെ പ്രാധാന്യവും അതിലൂടെ കുടുംബത്തിനും സമൂഹത്തിനുമുണ്ടാകുന്ന പുരോഗതിയും ഓർമപ്പെടുത്തി ഞായറാഴ്ച ലോക ജനസംഖ്യാദിനം. കോവിഡ് കാലത്ത് ലോകത്താകമാനം കൂടുതൽ ജനനങ്ങൾ നടക്കുന്നുവെന്ന റിപ്പോർട്ടുകൾ വരുന്നതിനിടെയാണ് ദിനാചരണം.
മഹാമാരിയുടെ പശ്ചാത്തലത്തിൽ ഇത്തവണ ലോക ജനസംഖ്യാ ദിനത്തിന് പ്രത്യേക പ്രാധാന്യമുണ്ടെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. കോവിഡിൽ ആഗോളതലത്തിൽ കുടുംബാസൂത്രണ സേവനങ്ങളിൽ തടസ്സമുണ്ടായി. യുഎൻഎഫ്പിഎ മാർച്ചിൽ നടത്തിയ പഠനത്തിൽ ലോകത്ത് 1.20 കോടി സ്ത്രീകൾക്ക് ഇത്തരം സേവനങ്ങൾ ലഭ്യമാകാതെപോയി. ഇത് ജനസംഖ്യാ വർധനയ്ക്ക് കാരണമാകുമെന്നാണ് കണക്കുകൂട്ടൽ.
“സ്വാശ്രയ രാഷ്ട്രവും കുടുംബവും കെട്ടിപ്പടുക്കാൻ പ്രതിസന്ധി ഘട്ടത്തിലും കുടുംബക്ഷേമ സേവനങ്ങൾ ലഭ്യമാക്കാം’ എന്നതാണ് ഈ വർഷത്തെ ലോക ജനസംഖ്യാ ദിനത്തിന്റെ സന്ദേശം. 50 വർഷത്തിനുള്ളിൽ ലോകജനസംഖ്യ 1100 കോടിയിലെത്തുമെന്നാണ് വിദഗ്ധരുടെ കണക്കുകൂട്ടൽ. 2020 ലെ കണക്കുപ്രകാരം ലോക ജനസംഖ്യ 770 കോടിയാണ്. സംസ്ഥാനത്ത് എല്ലാ സർക്കാർ ആശുപത്രിയിലും കുടുംബാസൂത്രണ മാർഗങ്ങൾ ലഭ്യമാണ്. താലൂക്ക് തലംമുതലുള്ള ആശുപത്രികളിൽ വന്ധ്യംകരണ ശസ്ത്രക്രിയയുമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ദിശ: 104, 1056.