ചെർപ്പുളശേരി > ചെർപ്പുളശേരിയിൽ സംഘപരിവാർ നേതൃത്വത്തിലുള്ള ഹിന്ദുസ്ഥാൻ ഡെവലപ്മെന്റ് ബാങ്കി(ഹിന്ദു ബാങ്ക്)ന്റെ പേരിൽ തട്ടിപ്പ് നടന്നതായി മുൻ ഡയറക്ടർ. ആർഎസ്എസ് നെല്ലായ മണ്ഡൽ മുൻ ബൗദ്ധിക്പ്രമുഖായ അനിൽകുമാറാണ് വാർത്താസമ്മേളനത്തിൽ ഇക്കാര്യം വെളിപ്പെടുത്തിയത്. ഓഹരിയായും നിക്ഷേപമായും പണം സ്വീകരിച്ചായിരുന്നു തട്ടിപ്പ്.
ബാങ്ക് ചെയർമാനും ആർഎസ്എസ് മുൻ ജില്ലാ ജാഗരൺ പ്രമുഖുമായ സുരേഷ് കൃഷ്ണ, ബിജെപി നേതാവ് പ്രശാന്ത് ആച്ചങ്ങാട്ട് എന്നിവരാണ് പണം പിരിച്ചത്. എസ് ബി അക്കൗണ്ട് എന്ന പേരിലായിരുന്നു പണപ്പിരിവ്. കഴിഞ്ഞ വർഷം ആരംഭിച്ച സ്ഥാപനം ഉപയോഗിച്ച് ചെയർമാൻ സുരേഷ് കൃഷ്ണ വൻ തോതിൽ സാമ്പത്തിക ഇടപാട് നടത്തി. 2010ൽ ഒരുബൈക്ക് മാത്രമുണ്ടായിരുന്ന ഇയാൾക്ക് ഇപ്പോൾ മാരുതി ഈക്കോ നാലെണ്ണം, മാരുതി സ്വിഫ്റ്റ്, ടൊയോട്ട ഗ്ലാൻസ, ബൊലേറൊ, നാല് ബൈക്ക് എന്നിവയുണ്ട്. തൃശൂർ ഹൈസൺ ജീപ്പ് ഷോറൂമിൽ ജീപ്പ് കോംപസ് ബുക്ക് ചെയ്യാൻ 50,000 രൂപ അഡ്വാൻസും നൽകി. ഈ പണമെല്ലാം ബാങ്കിന്റെ മറവിൽ തട്ടിയതാണ്. സുരേഷ് കൃഷ്ണ, ഭാര്യ ഉമാ ദാക്ഷായണി, പ്രശാന്ത് ആച്ചങ്ങാട്ടിൽ, വിനീത ദേവൻ എന്നിവരാണ് തട്ടിപ്പിന് കൂട്ടുനിന്നത്. ഏഴ് ഡയറക്ടർമാരുണ്ട് എന്ന് തെറ്റിദ്ധരിപ്പിച്ചു. യഥാർഥത്തിൽ മൂന്ന് പേരാണ് ഡയറക്ടർമാർ.
സ്ഥാപനം നടത്തിപ്പും ഓഹരി നിക്ഷേപിച്ചതും സംഘപരിവാർ ബന്ധമുള്ളവരാണ്. എല്ലാ ഡയറക്ടർമാർക്കും ഉത്തരവാദിത്തമുണ്ടെന്ന സുരേഷ് കൃഷ്ണയുടെ ആരോപണത്തെ തുടർന്നാണ് ഈ തുറന്നു പറച്ചിൽ. ബാങ്കിങ് സ്ഥാപനം നടത്താനുള്ള അനുമതിയില്ലാതെ പണമിടപാട് നടത്തുന്നത് നിയമവിരുദ്ധമാണെന്ന് ബോധ്യപ്പെട്ടതിനാൽ കഴിഞ്ഞ വർഷം ഡിസംബറിൽ ഡയറക്ടർസ്ഥാനം രാജിവച്ചതായും അനിൽകുമാർ പറഞ്ഞു. ബിജെപി നേതാക്കളായ വിനോദ് കുളങ്ങര, രാജു കൂട്ടാല, കാർത്തിക് കറുത്തേടത്ത്, അനൂപ് തരുവക്കോണം, മനീഷ്, കൃഷ്ണപ്രഭ എന്നിവരും വാർത്താസമ്മേളനത്തിൽപങ്കെടുത്തു.