മെൽബൺ > കോവിഡിന് കാരണമാകുന്ന സാർസ് -കോവ് -2 വൈറസ് വുഹാനിലെ ലാബിൽ ഉത്ഭവിച്ചതായി കരുതാനാവില്ലെന്ന് പഠനം. മൃഗങ്ങളിൽനിന്ന് മനുഷ്യരിലേക്ക് പടർന്നതാകാമെന്നും ആഗോള ശാസ്ത്രജ്ഞരുടെ കൂട്ടായ്മ നടത്തിയ പഠനത്തിൽ പറയുന്നു. ജൂലൈ 7ന് സെനഡുവിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ സർവകലാശാലകളിലെയും ഗവേഷണ സ്ഥാപനങ്ങളിലെയും 21 ശാസ്ത്രജ്ഞർ ശാസ്ത്രീയ തെളിവുകൾ അവലോകനം ചെയ്ത് തയ്യാറാക്കിയതാണ് പഠനം. ആദ്യകാല കേസുകൾക്ക് വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുമായി ബന്ധമുണ്ടെന്നതിന് തെളിവുകളൊന്നുമില്ലെന്ന് സിഡ്നി സർവകലാശാലയിലെ പ്രൊഫസർ എഡ്വേർഡ് ഹോംസ് പറഞ്ഞു. അതേസമയം ഒരു ലബോറട്ടറി അപകടത്തെ പൂർണമായും തള്ളിക്കളയാൻ കഴിയില്ലെന്നും പഠനം പറയുന്നു.