തിരുവനന്തപുരം > സംസ്ഥാനത്ത് ആദ്യമായി സിക വൈറസ് കണ്ടെത്തിയ സ്ത്രീ പ്രസവിച്ച കുട്ടിയിൽ ആരോഗ്യപ്രശ്നം കണ്ടെത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇത് ആശ്വാസകരമാണ്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. അമ്മ ഇപ്പോൾ നെഗറ്റീവാണ്. സിക സംസ്ഥാനത്ത് സ്ഥിരീകരിച്ചത് അപ്രതീക്ഷിതമല്ല. ഡെങ്കി, ചിക്കുൻ ഗുനിയ തുടങ്ങിയ വൈറസ് രോഗങ്ങളെപ്പോലെ ഈഡിസ് ഈജിപ്തി, ഈഡിസ് ആൽ ബോപിക്റ്റസ് കൊതുകുകൾ പരത്തുന്ന രോഗമാണ് സിക. കേരളത്തിൽ ഈ കൊതുകുകൾവളരെ കൂടുതലാണ്. ഗുരുതര രോഗമല്ലെങ്കിലും സിക ഗർഭിണികളെ ബാധിച്ചാൽ ഗർഭസ്ഥ ശിശുക്കളുടെ തലച്ചോറിന്റെ വളർച്ച മുരടിക്കുന്ന മൈക്രോകെഫലി വൈകല്യം ഉണ്ടാകാം. സുഷുമ്ന നാഡിയെ ബാധിക്കുന്ന ഗില്ലൻ ബാരി സിൻഡ്രോം സിക രോഗികളിൽ അപൂർവമായി കണ്ടിട്ടുണ്ട് –-അദ്ദേഹം പറഞ്ഞു.
വില്ലൻ കെട്ടിക്കിടക്കുന്ന വെള്ളം
കെട്ടിക്കിടക്കുന്ന വെള്ളത്തിലാണ് രോഗം പരത്തുന്ന ഈഡിസ് കൊതുകുകൾ വളരുന്നത്. ഇത്തരം കൊതുകുകൾ അധികദൂരം പറക്കില്ല. അതിനാൽ, വീട്ടിലും ചുറ്റുപാടും കെട്ടിക്കിടക്കുന്ന വെള്ളം നീക്കി കൊതുക് പെരുകാൻ സാധ്യതയുള്ള ഉറവിടങ്ങൾ ഇല്ലാതാക്കണം. ആഴ്ചയിലൊരിക്കൽ വീടുകളിൽ ഡ്രൈ ഡേ ആചരിക്കണം. കൊതുകുവല ഉപയോഗിച്ചും ശരീരം മുഴുവൻ മൂടുന്ന വസ്ത്രം ധരിച്ചും കൊതുകിനെ അകറ്റണം.
പ്രാണീ ജന്യരോഗനിയന്ത്രണത്തിനായി സംസ്ഥാന–-ജില്ലാതലങ്ങളിലുള്ള വെക്ടർ കൺട്രോൾ യൂണിറ്റുകളുടെ പ്രവർത്തനം ശക്തിപ്പെടുത്തും. ചേർത്തലയിലും കോഴിക്കോടും പ്രവർത്തിക്കുന്ന കേന്ദ്രസർക്കാർ സ്ഥാപനമായ സെന്റർ ഫോർ ഡിസീസ് കൺട്രോളിന്റെയും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ കീഴിലുള്ള കോട്ടയത്തെ വെക്ടർ കൺട്രോൾ റിസർച്ച് സെന്ററിന്റെയും സഹായവും കൊതുക് നിയന്ത്രണത്തിന് പ്രയോജനപ്പെടുത്തും.