പാലക്കാട്> ചെർപ്പുളശേരിയിൽ സംഘപരിവാർ നേതൃത്വത്തിൽ ആരംഭിച്ച ഹിന്ദുസ്ഥാൻ ഡെവലപ്മെന്റ് ബാങ്ക് (ഹിന്ദു ബാങ്ക്) പൂട്ടി നിക്ഷേപകരെ കബളിപ്പിച്ച സംഭവത്തിൽ ബിജെപി ബന്ധം പുറത്തുവിട്ട് ബാങ്ക് ചെയർമാൻ സുരേഷ് കൃഷ്ണ. ബാങ്ക് നടത്തിപ്പിൽ പങ്കില്ലെന്ന് ബിജെപി നേതൃത്വം ആവർത്തിക്കുന്നതിനിടെയാണ് ഡയറക്ടർമാരെല്ലാം ബിജെപി–ആർഎസ്എസ് നേതാക്കളാണെന്ന് ചെയർമാൻ സാമൂഹ്യമാധ്യമം വഴി പുറത്തുവിട്ടത്. തന്റെ ജീവന് ഭീഷണിയുണ്ടെന്നും ഇയാള് പറയുന്നു.
നിക്ഷേപകരെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെന്ന് ചെർപ്പുളശേരി പൊലീസിൽ പരാതി നൽകിയത് ബാങ്ക് ഡറക്ടർമാർതന്നെയാണ്. എന്നാൽ, ഒരു വ്യക്തിക്ക് മാത്രമായി തട്ടിപ്പ് നടത്താനാകില്ലെന്നും ഡയറക്ടർമാരുടെ അറിവോടെമാത്രമേ അതിന് കഴിയൂവെന്നും സുരേഷ് കൃഷ്ണ പറയുന്നു.
ബിജെപി ഷൊർണൂർ നിയോജക മണ്ഡലം സെക്രട്ടറിമാരായ വിനോദ് കുളങ്ങര,- രാജു കൂട്ടാല, ആർഎസ്എസ് ചെർപ്പുളശേരി ഖണ്ഡ് സഹകാര്യവാഹ് അനൂപ് തരുവക്കോണം,ആർഎസ്എസ് ചെർപ്പുളശേരി നഗർ ശാരീരിക് പ്രമുഖ് മനീഷ്-, സേവാഭാരതി ചെർപ്പുളശേരി മുനിസിപ്പൽ സെക്രട്ടറി കാർത്തിക്, കൃഷ്ണപ്രഭ തൂത, ആർഎസ്എസ് നെല്ലായ പ്രമുഖ് അനിൽകുമാർ, ആർഎസ്എസ് ചെർപ്പുളശേരി ഖണ്ഡ് സേവാപ്രമുഖ് പ്രശാന്ത്- എന്നിവരാണ് ബാങ്ക് ഡയറക്ടർമാർ. ചെയർമാൻ സുരേഷ് കൃഷ്ണ -ആർഎസ്എസ് മുൻ ജില്ലാ ജാഗരൺ പ്രമുഖാണ്.
ബാങ്കുമായി ബന്ധപ്പെട്ട് മുപ്പതോളം വരുന്ന ആർഎസ്എസ് പ്രവർത്തകർ വീട്ടിൽ കയറി കുടുംബാംഗങ്ങളെ അധിക്ഷേപിച്ചു. അതിനാൽ തന്റെ ജീവന് ഭീഷണിയുണ്ടെന്നും സുരേഷ് കൃഷ്ണ ഫെയ്സ് ബുക്ക് പോസ്റ്റിൽ പറയുന്നു. നിക്ഷേപകര്ക്ക് 97 ലക്ഷം രൂപ നഷ്ടമായെന്നാണ് പരാതി.