നിക്ഷേപ സൗഹൃദമായ സംസ്ഥാനം എന്നാണ് കേരളം പേരുകേട്ടിട്ടുള്ളത്. എന്നാൽ വസ്തുതയ്ക്ക് നിരക്കാത്ത ആരോപണമാണ് ഇപ്പോൾ ഉയരുന്നത്. ഒറ്റപ്പെട്ട പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി സംസ്ഥാനത്തിന്റെ വ്യവസായ പുരോഗതിക്ക് തടസം സൃഷ്ടിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. അത്തരം നീക്കങ്ങൾ നാടിന്റെ മുന്നോട്ടു പോക്കിനെ തകര്‍ക്കാൻ മാത്രമേ സഹായിക്കൂ എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കൊവിഡ് അവലോകന യോഗത്തിനു ശേഷമുള്ള വാര്‍ത്താ സമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
നിയമവും ചട്ടവും പാലിക്കാൻ എല്ലാവര്‍ക്കും ബാധ്യതയുണ്ട്. പരാതികൾ വന്നാൽ പരിശോധന ഉണ്ടാകും. അത് വേട്ടയാടലായി കാണേണ്ടതില്ല. ആരെയെങ്കിലും വേട്ടയാടാൻ ഈ സര്‍ക്കാര്‍ തയ്യാറല്ല. കേരളത്തിൽ വ്യവസായം നടത്തുന്ന എല്ലാവര്‍ക്കും അത് ബോധ്യമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കിറ്റക്സിന് വിമാനം അയച്ചതും കൊണ്ടുപോയതും തെലങ്കാന സംസ്ഥാനത്തിന്റെ താൽപര്യം കൊണ്ടാകും. അവിടെ വ്യവസായം വരുന്നത് അവര്‍ നല്ല കാര്യമായി കാണുന്നുണ്ടാകും. എന്നാൽ ഇതുയര്‍ത്തുന്ന ഗൗരവ പ്രശ്നങ്ങളുണ്ട്. സംസ്ഥാനത്ത് വസ്തുതകൾക്ക് നിരക്കാത്ത ഒരുപാട് കാര്യങ്ങൾ ഉയരുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.