തിരുവനന്തപുരം: കേരള നിക്ഷേപസൗഹൃദമല്ലെന്ന കിറ്റക്സ് എംഡിയുടെ ആരോപണം കേരളത്തെ അപമാനിക്കാനുള്ള ആസൂത്രിത നീക്കമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
ഏറ്റവും വലിയ നിക്ഷേപസൗഹൃദമെന്ന അഭിപ്രായമാണ് പൊതുവേ കേരളത്തെക്കുറിച്ചുളളത്. എന്നാൽ ഇപ്പോൾ വസ്തുതകൾക്ക് നിരക്കാത്ത ആരോപണങ്ങളാണ് ഉയരുന്നത്. ഒറ്റപ്പെട്ട എന്തെങ്കിലും ചൂണ്ടിക്കാട്ടി സംസ്ഥാനത്തിന്റെ വ്യവസായ പുരോഗതിക്ക് തടസം സൃഷ്ടിക്കാനുള്ള ശ്രമം നല്ലതല്ല. അത്തരം നീക്കങ്ങൾ നാടിന്റെ മുന്നോട്ടുപോക്കിനെ തകർക്കാനുള്ള നീക്കമായേ എല്ലാവരും കാണുകയുള്ളൂ.
നിയമവും ചട്ടവും പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്. പരാതികൾ വന്നാൽ സ്വഭാവികമായി പരിശോധനയുണ്ടാവും. അത് ഏതെങ്കിലും തരത്തിലുള്ള വേട്ടയാടലായി കാണേണ്ട കാര്യമില്ല. ആരെയും വേട്ടയാൻ ഈ സർക്കാർ തയ്യാറല്ല. അത് കേരളത്തിൽ വ്യവസായം നടത്തുന്ന എല്ലാവർക്കും ബോധ്യമുള്ള കാര്യമാണെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.