തിരുവനന്തപുരം: കിറ്റക്സ് കേരളം വിട്ടതിന് പിന്നിൽ രാഷ്ട്രീയപരമായ കാരണങ്ങളും ഗൂഢാലോചനയുമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ.
കേരളം വിടുന്നുവെന്ന പ്രഖ്യാപനം നടക്കുമ്പോൾ തന്നെ വിമാനം വരുന്നു, കിറ്റക്സ് മുതലാളി പോകുന്നു. തുടർപ്രഖ്യാപനങ്ങൾ ഉണ്ടാവുന്നു.. അത് യാതൃശ്ചികമായി സംഭവിച്ചതല്ല. മറ്റൊരു ഉറപ്പ് കിട്ടാതെ ഇങ്ങനെയൊരു പ്രഖ്യാപനം ഉണ്ടാവാനിടയില്ല. പ്രശ്നം പരിഹരിക്കാൻ സർക്കാർ ശ്രമിച്ചിരുന്നു.
വ്യവസായങ്ങളോടുള്ള സമീപനം എന്താണെന്ന് മുഖ്യമന്ത്രിയും നേരത്തെ വ്യക്തമാക്കിയതാണ്. വ്യവസായ സൗഹാർദപരമായ അന്തരീക്ഷമാണ് കേരളത്തിലുള്ളതതെന്നും അദ്ദേഹം വിശദീകരിച്ചു.
പാർട്ടി എം.എൽ.എമാർ ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത വിഷയത്തിൽ നടപടി ഉണ്ടാവുമോ എന്ന ചോദ്യത്തിനും അദ്ദേഹം പ്രതികരിച്ചു. പാർട്ടിയിൽ ചേർന്ന എല്ലാവരും ഉടൻ തന്നെ പാർട്ടിയുടെ പൊതുബോധത്തിലേക്ക് എത്തണമെന്നില്ല. പാർട്ടി വിദ്യാഭ്യാസത്തിലൂടെയാണ് അത് നേടുക.
കമ്മ്യൂണിസ്റ്റുകാരന് ശാസ്ത്രയുക്തി ബോധമുണ്ടാവുകയെന്നത് പ്രധാനപ്പെട്ട കാര്യമാണ്. സമൂഹത്തിലും അത്തരം ബോധം സൃഷ്ടിക്കപ്പെടും. അതൊരു നല്ലസമൂഹത്തിന് അടിത്തറ പാകും. അതുകൊണ്ടാണ് ഞങ്ങൾ അതിന് പ്രാധാന്യം കൊടുക്കുന്നത്. സംസ്ഥാന കമ്മിറ്റി മുതൽ പ്രാദേശിക സമിതി വരെ ഉള്ളവർക്ക് പാർട്ടി വിദ്യാഭ്യാസം നൽകും. മുഴുവൻ പാർട്ടി അംഗങ്ങളേയും ലക്ഷ്യമാക്കിക്കൊണ്ടുള്ള വിദ്യാഭ്യാസവും പുനർവിന്യാസവുമാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി വീണാ ജോർജ്, ദലീമ, ആന്റണി ജോൺ എന്നിവരാണ് ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തത്. ഇതിൽ വീണാ ജോർജ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതും ദൈവനാമത്തിലാണ്. 2006-ൽ ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത പാർട്ടി എം.എൽ.എ.മാരെ സി.പി.എം. ശാസിച്ചിരുന്നു.
Content Highlights:A Vijayaraghavan on Kitex announcement of investment in Telangana