തിരുവനന്തപുരം> ആയുര്വേദത്തെ ആഗോള പ്രശസ്തിയിലേക്കും സര്വ്വ സ്വീകാര്യതയിലേക്കും നയിച്ച പ്രമുഖ ഭിഷഗ്വരന്മാരുടെ നിരയിലാണ് ഡോ പി കെ വാര്യരുടെ സ്ഥാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.ആയുര്വേദത്തിന്റെ ശാസ്ത്രീയതയാണ് ഡോ പി കെ വാര്യര് മുന്നോട്ട് വെച്ചതും ലോകത്തെ ബോധ്യപ്പെടുത്തിയതും.
ഈ ദൗത്യം അദ്ദേഹത്തെ പോലുള്ളവര് ഏറ്റെടുത്തില്ലെങ്കില് ആയുര്വേദത്തിന് അന്താരാഷ്ട്ര രംഗത്ത് ഇന്ന് കാണുന്ന സ്വീകാര്യത ഉണ്ടാകുമായിരുന്നില്ല. മനുഷ്യത്വത്തെ വൈദ്യശാസ്ത്രത്തില് ലയിപ്പിച്ച മഹത്വത്തിന്റെ ഉടമയായിരുന്നു അദ്ദേഹം. ചികിത്സക്ക് പണം തടസമാകരുത് എന്ന ചിന്തയോടെ ആയുര്വേദത്തിന്റെ സിദ്ധികളെ സമൂഹത്തിന്റെ താഴേതലത്തില് വരെയെത്തിച്ചു.
രാഷ്ട്രത്തലവന്മാര് മുതല് അഗതികള് വരെ അദ്ദേഹത്തെ ചികിത്സ തേടി സമീപിച്ചു.വൈദ്യസമൂഹത്തിന്റെ സഹായത്തോടെ അവര്ക്കാകെ രോഗശുശ്രൂഷയും സാന്ത്വനവും നല്കി.
പി കെ വാര്യരുടെ ഭരണനൈപുണ്യം എടുത്ത് പറയേണ്ടതുണ്ട്. കോട്ടയ്ക്കല് ആര്യ വൈദ്യശാലയെ പുരോഗതിയിലേക്കും ആധുനികതയിലേക്കും അദ്ദേഹം നയിച്ചു. പാരമ്പര്യത്തിന്റെ മൂല്യങ്ങള് നിലനിര്ത്തിക്കൊണ്ടു തന്നെ നവീനതയെ ഉള്ക്കൊണ്ടു. വിറകടുപ്പില് നിന്നും സ്റ്റീം പ്ലാന്റുകളിലേക്കും, കുപ്പിക്കഷായങ്ങളില് നിന്നും ടാബ്ലറ്റുകളിലേക്കും, തൈലങ്ങളില് നിന്ന് ജെല് രൂപത്തിലേക്കും മാറി. ഔഷധസസ്യങ്ങളെക്കുറിച്ച് അഞ്ചു വാല്യങ്ങളിലായി ഒരു ആധികാരിക ഗ്രന്ഥം പുറത്തിറക്കാന് അദ്ദേഹം നേതൃത്വം നല്കി. വിലമതിക്കാനാകാത്ത സംഭാവനയാണിത്.
മതനിരപേക്ഷവും പുരോഗമനപ്രദവുമായ വീക്ഷണം എന്നും അദ്ദേഹത്തിന്റെ മുഖമുദ്രയായി. വ്യക്തിബന്ധങ്ങള്ക്ക് വില കല്പ്പിച്ചു. ഈ ആതുര സേവകന് കേരളത്തിലെ ആയുര്വേദ രംഗത്തെ കുലപതിയാണ്. വൈദ്യരത്നം പി എസ് വാര്യര് തുടങ്ങിവെച്ച ആര്യ വൈദ്യശാലയെ 68 വര്ഷം പി കെ വാര്യര് നയിച്ചു. അദ്ദേഹം എന്നും സ്നേഹ വാല്സല്യങ്ങളോടെയുള്ള പരിഗണന നല്കിയിരുന്നു എന്നതും ഓര്മ്മിക്കുന്നു. അദ്ദേഹത്തിന്റെ നിര്യാണത്തില് കുടുംബത്തെയും വൈദ്യശാലയേയും അദ്ദേഹത്തെ സ്നേഹബഹുമാനങ്ങളോടെ കാണുന്ന സമൂഹത്തെയാകെ ദുഃഖം അറിയിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.