തിരുവനന്തപുരം: അമ്പലപ്പുഴയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഗുരുതരമായ വീഴ്ച വന്നുവെന്ന പരാതിയിൽ മുതിർന്ന നേതാവ്ജി.സുധാകരനെതിരേ അന്വേഷണം. സംസ്ഥാന സെക്രട്ടറേറിയറ്റ് അംഗങ്ങളായ എളമരം കരീമും കെ.ജെ.തോമസും അടങ്ങുന്ന കമ്മീഷനാണ് അന്വേഷിക്കുക. അതൊടൊപ്പം തന്നെ പാല, കല്പറ്റ മണ്ഡലങ്ങളിലെ പരാജയം അതത് ജില്ലാ കമ്മിറ്റികൾ പരിശോധിക്കാനും സംസ്ഥാന സെക്രട്ടേറിയറ്റിൽ തീരുമാനമായിട്ടുണ്ട്.
അമ്പലപ്പുഴയിൽ ആദ്യഘട്ടത്തിൽ ജി.സുധാകരൻ വിട്ടുനിന്നത് മണ്ഡലത്തിൽ തോൽവിക്ക് പോലും കാരണമാകുമോ എന്ന ആശങ്ക സിപിഎമ്മിനും അവിടത്തെ സ്ഥാനാർഥിക്കും ഉണ്ടായിരുന്നു. ജി സുധാകരനെ മാറ്റി എച്ച് സലാമിനെ സ്ഥാനാർഥിയാക്കാനുളള തീരുമാനം സിപിഎം സംസ്ഥാന സമിതിയാണ് കൈക്കൊണ്ടത്.
ആദ്യഘട്ടത്തിൽ സലാമിനെതിരേ പോസ്റ്റർ പ്രചാരണങ്ങൾ നടന്നിരുന്നു. എസ്.ഡി.പി.ഐ.ക്കാരനായിട്ടുളള ഒരാളാണ് സലാംഎന്ന് തുടങ്ങി വ്യക്തിഹത്യ നടത്തുന്ന രീതിയിലുളള പല പ്രചാരണങ്ങളും ഉണ്ടായി. എന്നാൽ ഇതിനെ പ്രതിരോധിക്കാനോ, മറുപടി നൽകാനോ ജി.സുധാകരൻ തയ്യാറായില്ല.
തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ നേതൃസ്ഥാനം ഏറ്റെടുക്കേണ്ട ഒരാളായിരുന്നു സുധാകരൻ. പക്ഷേ അത് ചെയ്യാനുളള മനസ്സ് കാണിച്ചില്ല. ഇതിനെതിരേ ജില്ലാ കമ്മിറ്റിയിൽ സലാം പരാതി ഉന്നയിച്ചിരുന്നു. അതിന്റെ ഭാഗമായിട്ടാണ് ജി.സുധാകരനെതിരായ പരാമർശങ്ങളുളള റിപ്പോർട്ട് സംസ്ഥാന സമിതിയിൽ ചർച്ച ചെയ്തത്.
സംസ്ഥാന സമിതിയിലും സുധാകരനെതിരേ ആരോപണങ്ങൾ ഉയർന്നു. അതിന്റെ അടിസ്ഥാനത്തിലാണ് രണ്ടംഗകമ്മിഷനെ അന്വേഷണത്തിനായി നിയോഗിച്ചിട്ടുളളത്.