മന്ത്രി മുഹമ്മദ് റിയാസ്
കോട്ടയം: കോവിഡിൽ തകർന്ന ടൂറിസം വിപണിയെ ചലിപ്പിക്കാൻ പുതിയ ആശയങ്ങൾ തേടി മന്ത്രി മുഹമ്മദ് റിയാസ് പൊതുസ്വീകാര്യരെ കാണുന്നു. പ്രാദേശിക വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ അഭിപ്രായം സ്വരൂപിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ലോകസഞ്ചാരി സന്തോഷ് ജോർജ് കുളങ്ങരയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. സാമൂഹികമാധ്യമങ്ങളിലും മറ്റ് പൊതുവേദികളിലും സ്വീകാര്യരായ പ്രമുഖരുമായി വരുംദിവസങ്ങളിലും അദ്ദേഹം ചർച്ചകൾ നടത്തും.
വിദേശസഞ്ചാരികൾ വന്ന് വലിയ മതിൽക്കെട്ടിനുള്ളിലെ റിസോർട്ടിൽ താമസിച്ച് പോകുന്നതിനപ്പുറം, അവരെ നമ്മുടെ ജീവിതങ്ങളിലേക്ക് എങ്ങനെ ഇറക്കണമെന്നും അതിലൂടെ പ്രാദേശിക വിപണിയിലേക്ക് എങ്ങനെ പണമെത്തിക്കാമെന്നുമുള്ള വിഷയങ്ങളിൽ സന്തോഷ് ജോർജ് കുളങ്ങര മന്ത്രിയുമായി ആശയവിനിമയം നടത്തി. ലോകത്തേറ്റവും മുറികളുള്ള ഒരു റിസോർട്ട് എന്ന രീതിയിലേക്ക് കേരളത്തെ മാറ്റണമെന്ന വിശാലമായ കാഴ്ചപ്പാട് അദ്ദേഹം വിശദീകരിച്ചു. കോവളം കെ.ടി.ഡി.സി. ഹോട്ടലിൽ നടന്ന കൂടിക്കാഴ്ച ഒന്നരമണിക്കൂറോളം നീണ്ടു.
പൊതുസ്വീകാര്യരുടേയും സംഘടനകളുടെയും അഭിപ്രായങ്ങൾ പരമാവധി കേൾക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി മുഹമ്മദ് റിയാസ് മാതൃഭൂമിയോട് പറഞ്ഞു. അത് സർക്കാരിന്റെ പ്രവർത്തനങ്ങളിൽ വളരെയധികം പ്രയോജനം ചെയ്യുന്നുണ്ട്. തന്നെ കേൾക്കാൻ സർക്കാർ തയാറായത് വലിയ ഊർജ്ജം പകരുന്നുവെന്നും സർക്കാരിന് എല്ലാ സഹകരണവും വാദ്ഗാനം ചെയ്യുന്നുമെന്നും സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു.
പഞ്ചായത്ത് കേന്ദ്രീകരിച്ച് ടൂറിസം കേന്ദ്രങ്ങൾ
വിദൂരയാത്രകൾ സജീവമാകാൻ ഇനിയും വൈകുമെന്നതിനാൽ തൊട്ടടുത്തുള്ള വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് ആളുകളെ ആകർഷിക്കുക എന്നതാണ് ലക്ഷ്യം. ഓരോ പഞ്ചായത്തും ഓരോ ടൂറിസ്റ്റ്കേന്ദ്രമാക്കുക എന്ന കാഴ്ചപ്പാടോടെ ഇതിനായി മന്ത്രി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ പ്രവർത്തനം ആരംഭിച്ചിരിക്കുകയാണ്.
ഫലപ്രദമായി ഉപയോഗിക്കാൻ സാധിക്കാത്ത പ്രാദേശിക വിനോദസഞ്ചാരകേന്ദ്രങ്ങൾ കണ്ടെത്താനായി സംസ്ഥാനത്തെ എല്ലാ പഞ്ചായത്ത് ഭരണാധികാരികളുമായി മന്ത്രി ആശയവിനിമയം നടത്തിവരികയാണ്. കോഴിക്കോട്, വയനാട് ജില്ലകളിലെ പഞ്ചായത്ത് പ്രസിഡന്റുമാരുമായി ഇതിനോടകം ചർച്ച നടത്തി. നാല് കേന്ദ്രങ്ങൾ സന്ദർശിച്ചു. വയനാട്ടിലെ തിരുനെല്ലിയിലും കോഴിക്കോട് നഗരത്തിലും ബേപ്പൂരും പദ്ധതികൾ ഉടൻ നടപ്പിലാക്കും. ഇന്ത്യയിൽ ആദ്യമായി സാഹിത്യ സർക്യൂട്ട് എന്ന ആശയവും വിഭാവനം ചെയ്തിട്ടുണ്ട്.
ടൂറിസവുമായി ബന്ധപ്പെട്ട വിവിധ സംഘടനകളുമായി മന്ത്രി കഴിഞ്ഞദിവസങ്ങളിൽ ചർച്ച നടത്തിയിരുന്നു. വിനോദസഞ്ചാര മേഖലകളിലെ സർക്കാരിന്റേത് ഉൾപ്പെടെയുള്ള കെട്ടിടങ്ങൾക്ക് ഏകീകൃത സ്വഭാവം കൊണ്ടുവരാനും സൗന്ദര്യവത്കരിക്കാനും വാസ്തുവിദഗ്ധരുടെയും അഭിപ്രായങ്ങൾ തേടിയിട്ടുണ്ട്.
Content Highlight: Muhammed RiyasDepartment of Tourism