കൊച്ചി: കിറ്റക്സിന് തെലങ്കാനയിൽ യാതൊരുവിധ അനാവശ്യപരിശോധനകളോ കേസുകളോ ഉണ്ടാകില്ലെന്ന് തെലങ്കാന സർക്കാർ ഉറപ്പ് നൽകിയതായി കിറ്റക്സ് ഗ്രൂപ്പ്. സർക്കാരിന്റെയോ ഉദ്യോഗസ്ഥരുടെയോ രാഷ്ട്രീയ പാർട്ടികളുടെയോ ഭാഗത്ത് നിന്ന് ഒരു തരത്തിലുള്ള ശല്യമോ പരിശോധനയോ ഉപദ്രവങ്ങളോ ചൂഷണമോ ഉണ്ടാവുകയില്ലെന്നതടക്കമാണ് തെലുങ്കാന വ്യവസായ മന്ത്രി കെ ടി രാമ റാവു ഉറപ്പ് നൽകിയതെന്നാണ് കിറ്റക്സ് ഗ്രൂപ്പ് വ്യക്തമാക്കുന്നത്.
കേരളത്തിലേത് പോലെ പരിശോധനകൾ തെലങ്കാനയിൽ ഉണ്ടാകില്ല. സൗഹൃാർദപരമായ വ്യവസായ അന്തരീക്ഷമാണ് തെലുങ്കാനയിൽ ഉള്ളത്. രാഷ്ട്രീയ അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിലും കേന്ദ്ര സർക്കാരും തെലുങ്കാന വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. കിറ്റെക്സിന് എന്താണോ ആവശ്യം അത് പരിഗണിക്കുകയും പരിഹരിക്കുകയും ചെയ്യും. തൊഴിൽ അവസരവും നിക്ഷേപങ്ങൾ വർദ്ധിപ്പിക്കലുമാണ് തെലുങ്കാനയുടെ മുഖ്യ പരിഗണനയെന്നും കിറ്റെക്സ് സംഘത്തോട് മന്ത്രി പറഞ്ഞതായി സംഘം വ്യക്തമാക്കുന്നു.
മറ്റ് സംസ്ഥാനങ്ങൾ നൽകുന്നതിലും ഉപരിയായ ആനുകൂല്യങ്ങളും കിറ്റെക്സിന് നൽകാമെന്നും മന്ത്രി സംഘത്തിന് ഉറപ്പ് നൽകിയിട്ടുണ്ട്. തെലുങ്കാനയിൽ നിക്ഷേപിച്ചാൽ മനസമാധാനം ഉറപ്പ് നൽകുന്നുവെന്നും ഒരു തരത്തിലുള്ള വേട്ടയാടലുകളോ സർക്കാരിന്റെയോ ഉദ്യോഗസ്ഥരുടെയോ രാഷ്ട്രീയ പാർട്ടികളുടെയോ ഭാഗത്ത് നിന്ന് ഒരു തരത്തിലുമുള്ള ചൂഷണം ഉണ്ടാവുകയില്ലെന്നും മന്ത്രി ഉറപ്പ് നൽകിയിട്ടുണ്ടെന്നും കിറ്റക്സ് പറയുന്നു.
അതേസമയം തെലങ്കാന വ്യവസായ മന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം കിറ്റെക്സ് സംഘം ഇന്ന് ഉച്ചക്ക് 12.30 ന് ഹൈദ്രബാദിൽ നിന്നും സർക്കാരിന്റെ പ്രത്യേക ജെറ്റ് വിമാനത്തിൽ കൊച്ചിക്ക് തിരിക്കും.
Content Highlights:There will be no tests or cases Telangana guarantees to Kitex