തൃശൂര്> ചേറ്റുവയില് 30 കോടിയുടെ തിമിംഗല ഛര്ദി (ആംബര്ഗ്രിസ്) പിടികൂടി. മൂന്നുപേര് പിടിയില്. പിടിച്ചെടുത്ത ആംബര്ഗ്രിസിനു 19 കിലോ ഭാരമുണ്ട്. വാടാനപ്പള്ളി സ്വദേശി റഫീഖ്, പാലയൂര് സ്വദേശി ഫൈസല്, എറണാകുളം സ്വദേശി ഹംസ എന്നിവരാണു പിടിയിലായത്. കേരളത്തില് ആദ്യമായാണ് ആംബര്ഗ്രിസ് പിടികൂടുന്നത്.
സ്പേംവെയില് എന്ന തിമിംഗലത്തിന്റെ ഛര്ദി പുറത്തു വില്പന നടത്താന് പാടില്ലെന്നും 1976 ലെ വന്യജീവി സംരക്ഷണ നിയമത്തിന്റെ രണ്ടാമത്തെ ഷെഡ്യൂളില് ഉള്പ്പെട്ടതാണിതെന്നും ഉദ്യോഗസ്ഥര് പറഞ്ഞു. മൂന്നുവര്ഷത്തില് കുറയാത്ത ജയില് ശിക്ഷയും 25000 രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. ചേറ്റുവ ഭാഗത്തുനിന്നു പിടിയിലായ പ്രതികള് വലിയ തുകയ്ക്കു വില്ക്കാന് വന്നവരാണ്. കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റെന്നും ആവശ്യക്കാരെന്ന വ്യാജേനയാണു പ്രതികളെ സമീപിച്ചതെന്നും ഉദ്യോഗസ്ഥര് പറഞ്ഞു.
വൈല്ഡ്ലൈഫ് ക്രൈം കണ്ട്രോള് ബ്യൂറോയുടെ കൊച്ചിയിലെ യൂണിറ്റ്, എറണാകുളം ഫ്ളൈയിങ് സ്ക്വാഡ്, തൃശൂര് ഡി.എഫ്.ഒ. എന്നിവരുടെ മേല്നോട്ടത്തിലായിരുന്നു പിടികൂടിയത്. വില്പനയില്ലെങ്കിലും കരിഞ്ചന്തയില് വ്യാപകമായി വില്ക്കപ്പെടുന്നതാണ് ആംബര്ഗ്രിസ് . അറേബ്യന് നാടുകളിലാണു ഇത് പെര്ഫ്യൂമിനായി ഉപയോഗിക്കുന്നത്.
കടലിലെ നിധി, ഒഴുകുന്ന സ്വര്ണം എന്നിങ്ങനെയാണു തിമിംഗംലങ്ങളുടെ ഛര്ദി അറിയപ്പെടുന്നത്. രൂക്ഷഗന്ധമുള്ള ദ്രവമായിട്ടു പുറത്തുവരുന്ന തിമിംഗല ഛര്ദി, പിന്നീടു ഖരരൂപത്തിലാകും. പിന്നീടിതിനു നേരിയ സുഗന്ധമുണ്ടാകും. ഇതിലടങ്ങിയിരിക്കുന്ന ഗന്ധമില്ലാത്ത ആല്ക്കഹോള് സുഗന്ധദ്രവ്യങ്ങളുടെ നിര്മാണത്തിന് അത്യാവശ്യമാണ്. സ്പേം തിമിംഗലങ്ങളുടെ ഉദരത്തില് സൃഷ്ടിക്കപ്പെടുന്ന തവിട്ടുനിറത്തോടുകൂടിയ മെഴുകുപോലുള്ള വസ്തുവാണിത്.
തിമിംഗലങ്ങള് ഇടയ്ക്ക് ഛര്ദിച്ചുകളയുന്ന ഈ വസ്തു, ജലനിരപ്പില് ഒഴുകിനടക്കും. ഒമാന് തീരം ആമ്പര്ഗ്രിസ് സാന്നിധ്യത്തിന് പേരുകേട്ടതാണ്. വിപണിയില് സ്വര്ണത്തോളം വിലമതിക്കുന്ന വസ്തുവാണിത്.