തൃശൂർ > സുഗന്ധലേപന വിപണിയിൽ 30 കോടി വിലമതിക്കുന്ന തിമിംഗല ഛർദിയുമായി (ആംബർ ഗ്രിസ്) മൂന്നുപേർ പിടിയിൽ. വാടാനപ്പള്ളി സ്വദേശി റഫീഖ്, പാലയൂർ സ്വദേശി ഫൈസൽ, എറണാകുളം സ്വദേശി ഹംസ എന്നിവരാണ് പിടിയിലായത്. വനം വിജിലൻസിന്റെ നേതൃത്വത്തിലുള്ള സംഘം ചേറ്റുവയിൽ നിന്ന് 18 കിലോ ആംബർ ഗ്രിസാണ് പിടികൂടിയത്.
കേരളത്തില്‍ ആദ്യമായാണിത് പിടികൂടുന്നത്. വൈല്‍ഡ്ലൈഫ് ക്രൈം കണ്ട്രോള് ബ്യൂറോയുടെ കൊച്ചിയിലെ യൂണിറ്റ്, എറണാകുളം ഫ്ളൈയിങ് സ്ക്വാഡ്, തൃശൂര്‍ ഡിഎഫ്ഒ എന്നിവർ അറസ്റ്റിന് നേതൃത്വം നൽകി.
ഒഴുകും സ്വർണം
സ്പേം വെയിൽ വിഭാഗത്തിൽപ്പെടുന്ന തിമിംഗലങ്ങൾ അപൂർവമായി പുറം തള്ളുന്ന പദാർഥമാണ് ആംബർ ഗ്രിസ്. ഒഴുകുംസ്വർണം എന്നാണ് അറിയപ്പെടുന്നത്.തിമിംഗലം വിഴുങ്ങുന്ന ജീവികളുടെ എല്ല്,മുള്ള് എന്നിവയിൽ നിന്ന് കുടലിനെ സംരക്ഷിക്കുന്ന ഭാഗമാണിത്. മെഴുക് രൂപത്തിലുള്ള ഈ വസ്തു തിമിംഗലം ഇടയ്ക്ക് പുറംതള്ളും. രൂക്ഷഗന്ധമുള്ള ദ്രവമായി പുറത്തുവരുന്ന ഛര്‍ദിൽ പിന്നീടു ഖരരൂപമായി ഒഴുകി നടക്കും.
ഇതിലടങ്ങിയിരിക്കുന്ന ആല്‍ക്കഹോള്‍ സുഗന്ധദ്രവ്യങ്ങളുടെ നിര്‍മാണത്തിൽ വിലപിടിപ്പുളള ഘടകമാണ്. ഒമാന്‍ തീരം ആമ്പര്‍ഗ്രിസ് സാന്നിധ്യത്തിന് പേരുകേട്ടതാണ്. വിപണിയില്‍ സ്വര്‍ണത്തോളം വിലമതിക്കുന്ന വസ്തുവാണിത്. സ്പേം വെയിൽ വിഭാഗത്തിലെ തിമിംഗലങ്ങൾ വംശനാശ ഭീഷണി നേരിടുന്നവയായതിനാൽ ആംബർഗ്രിസ് വിൽപന ഇന്ത്യൻ വന്യജീവി സംരക്ഷണ നിയമപ്രകാരം കുറ്റകരമാണ്. ചാര നിറത്തിലോ കറുപ്പുനിറത്തിലോ ആണ് ഇത് കാണപ്പെടുന്നത്.