കൊച്ചി > ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ ഫണ്ട് വിതരണത്തിൽ വീഴ്ച സംഭവിച്ചതായി ബിജെപി ജില്ലാ നേതൃയോഗത്തിൽ രൂക്ഷ വിമർശം. കൃത്യമായി ഫണ്ട് നൽകാത്തതുകൊണ്ട് തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പ്രവർത്തകർ കടക്കെണിയിലാണെന്നും മണ്ഡലം ഭാരവാഹികൾ പരാതിപ്പെട്ടു. ആദ്യമായാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ ഫണ്ട് താഴേക്ക് എത്താതിരുന്നത്. ഇത് പ്രവർത്തനത്തെ കാര്യമായി ബാധിച്ചു.
തെരഞ്ഞെടുപ്പ് കഴിഞ്ഞ് കനത്തതോൽവിയുടെയും കൊടകര കേസിന്റെയും പേരുപറഞ്ഞ് ഫണ്ട് കുടിശ്ശിക നൽകിയുമില്ല. തെരഞ്ഞെടുപ്പുകഴിഞ്ഞ് പ്രചാരണ ചെലവിന്റെ കുടിശ്ശിക നൽകാമെന്നു പറഞ്ഞ് ഇടപാടുകാരെ നിർത്തിയിരുന്ന ഭാരവാഹികൾ വെട്ടിലായിരിക്കുകയാണെന്ന് മണ്ഡലം ഭാരവാഹികൾ യോഗത്തിൽ പരാതിപ്പെട്ടു. വ്യാഴാഴ്ച ദേശീയ വൈസ് പ്രസിഡന്റ് എ പി അബ്ദുള്ളക്കുട്ടി പങ്കെടുത്ത് ചേർന്ന ജില്ലാ ഭാരവാഹികളുടെയും നിയോജകമണ്ഡലം പ്രസിഡന്റുമാരുടെയും സംയുക്ത യോഗത്തിലാണ് നേതൃത്വത്തിനെതിരെ കടുത്ത വിമർശം ഉയർന്നത്. തെരഞ്ഞെടുപ്പിനുശേഷം ആദ്യമായാണ് ഇത്തരം സംയുക്ത നേതൃയോഗം.
തെരഞ്ഞെടുപ്പ് ഫണ്ട് തിരിമറിയിൽ പ്രതിഷേധിച്ച് പെരുമ്പാവൂരിൽ പാർടിയുടെ മുനിസിപ്പൽ സെക്രട്ടറി ശ്രീജിത് ഇരിങ്ങോളിന്റെ നേതൃത്വത്തിൽ 30 പ്രവർത്തകർ കഴിഞ്ഞദിവസം പാർടിയിൽനിന്ന് രാജിവച്ചതും യോഗത്തിൽ ചർച്ചയായി.
ജില്ലയിലെ പാർടിയിൽനിന്നുള്ള പഴയകാല പ്രവർത്തകരുടെ കൊഴിഞ്ഞുപോക്ക് തെരഞ്ഞെടുപ്പിനുശേഷം വ്യാപകമായെന്നും ജില്ലാ നേതൃത്വം വിഭാഗീയത പ്രോത്സാഹിപ്പിക്കുന്നതാണ് ഇതിനുകാരണമെന്നും ഒരുവിഭാഗം നേതാക്കൾ പറഞ്ഞു. കോതമംഗലത്ത് മുതിർന്ന നേതാക്കളായ എം എൻ ഗംഗാധരൻ, പി കെ ബാബു, സന്തോഷ് പത്മനാഭൻ എന്നിവർ വികസന സമിതി എന്ന പേരിൽ സമാന്തര മണ്ഡലം കമ്മിറ്റി രൂപീകരിച്ചാണ് പ്രവർത്തിക്കുന്നത്. കഴിഞ്ഞദിവസം മരംമുറിയുടെപേരിൽ സമാന്തര കമ്മിറ്റിയാണ് ഗാന്ധിസ്ക്വയറിൽ സമരം നടത്തിയത്. കോതമംഗലം സമാന്തര കമ്മിറ്റി വിഷയം തിങ്കളാഴ്ച അവരുമായി ചർച്ച ചെയ്യാൻ തീരുമാനിച്ചു. മറ്റു വിഷയങ്ങൾ സംസ്ഥാന നേതൃത്വത്തെ ധരിപ്പിക്കാമെന്ന് അറിയിച്ച് യോഗം പിരിഞ്ഞു.
ജില്ലാ ഭാരവാഹികൾ നേരിട്ടും മണ്ഡലം ഭാരവാഹികൾ ഓൺലൈനിലുമാണ് പങ്കെടുത്തത്. എ പി അബ്ദുള്ളക്കുട്ടി പരാതികൾക്ക് മറുപടി പറഞ്ഞില്ല.