തിരുവനന്തപുരം > വ്യവസായലോകം കേരളത്തിനൊപ്പമാണെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. സംസ്ഥാനത്ത് വ്യവസായ സൗഹൃദ അന്തരീക്ഷമാണ്. തെറ്റായ സന്ദേശം നൽകുന്നത് ശരിയല്ല.
കിറ്റെക്സ് പ്രശ്നം ഒറ്റപ്പെട്ടതാണ്. രാഷ്ട്രീയ മനോഭാവത്തോടെയല്ല സർക്കാർ പെരുമാറുന്നത്. പ്രചാരണങ്ങൾക്ക് പിന്നിൽ കേരളത്തിനെതിരായ ആസൂത്രിതമായ ശ്രമമുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. നല്ലനിലയിൽ വ്യവസായ സംരംഭം തുടങ്ങാനുള്ള അന്തരീക്ഷം കേരളത്തിലുണ്ട്. കളമശ്ശേരിയിലെ സ്റ്റാർട്ടപ്പുകളോട് ചോദിച്ചാൽ അവ വ്യക്തമാകും.
ടാറ്റ ലെക്സിയുമായി കഴിഞ്ഞ ദിവസം കരാർ ഒപ്പിട്ടു. മറ്റു പല വിദേശ കമ്പനികളും കേരളത്തിലേക്ക് വരികയാണ്. 6516 പുതിയ ചെറുകിട, ഇടത്തരം വ്യവസായ സംരംഭമാണ് അടുത്തകാലത്ത് വന്നത്. നിയമത്തിനകത്തുനിന്ന് വ്യവസായം കൊണ്ടുവരാനുള്ള പരമാവധി ശ്രമമാണ് സർക്കാരിന്റേത്.
ഇതിനിടയിലാണ് കേരളത്തിനെതിരെ തെറ്റായ സന്ദേശം നൽകുന്നത്. പരസ്യമായി കാര്യങ്ങൾ പറയുംമുമ്പ് കിറ്റെക്സിന് സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്താമായിരുന്നു. ചിലർ പ്രകീർത്തിക്കുന്ന സംസ്ഥാനങ്ങളിൽ വ്യവസായ ഫാക്ടറികൾ അടക്കം കത്തിച്ചിട്ടുണ്ട്. അത്തരം അനുഭവമല്ല കേരളത്തിൽ. ഏത് സർക്കാരായാലും നല്ല വ്യവസായ അന്തരീക്ഷം ഇവിടെയുണ്ടെന്നും മന്ത്രി പറഞ്ഞു.
പരാതി തീർപ്പാക്കാൻ സംവിധാനം
വ്യവസായവുമായി ബന്ധപ്പെട്ട പരാതികൾ അന്വേഷിച്ച് തീർപ്പ് കൽപ്പിക്കുന്നതിന് നിയമാനുസൃതമായ പുതിയ സംവിധാനം കൊണ്ടുവരും. കരട് ബിൽ അടുത്ത നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കും. ഈ സംവിധാനത്തിന്റെ തീർപ്പ് അന്തിമമായിരിക്കും. നടപ്പാക്കുന്നതിൽ വീഴ്ചയുണ്ടായാൽ ശിക്ഷയും ഉറപ്പാണ്. ഫിക്കി ഉൾപ്പെടെയുള്ള വ്യവസായ മേഖലയിലെ സംഘടനകളുമായി ചർച്ച നടത്തും. കാലഹരണപ്പെട്ട നിയമങ്ങൾ പരിഷ്കരിക്കാൻ സർക്കാർ നേരത്തേ നോഡൽ ഓഫീസർമാരെ നിയോഗിച്ചിരുന്നു. ഇതിന് പുറമെ കമ്മിറ്റിയെക്കൂടി നിയോഗിക്കുമെന്നും പി രാജീവ് പറഞ്ഞു.