തിരുവനന്തപുരം > സഹകരണ മന്ത്രാലയ രൂപീകരണത്തിൽ കേന്ദ്രം ലക്ഷ്യമിടുന്നത് ‘ഗുജറാത്ത് തന്ത്രം’. സഹകരണ ജനാധിപത്യം കശാപ്പുചെയ്ത് സംഘങ്ങളെ വരുതിയിലാക്കാനാണ് നീക്കം. ഗുജറാത്തിൽ അമിത് ഷായുടെ നേതൃത്വത്തിൽ നടപ്പാക്കിയതുമിതാണ്. കേരളത്തിലടക്കം ഇത് പയറ്റാനാകുമോ എന്ന അന്വേഷണത്തിന്റെ തുടർച്ചയാണ് ബാങ്കിങ് ഭേദഗതി നിയമവും സഹകരണ മന്ത്രാലയ രൂപീകരണവും.
ബാങ്കിങ് നിയമഭേദഗതിയിലൂടെ സഹകരണ വായ്പാ മേഖലയിൽ ആർബിഐ കൈകടത്തലിന് അവസരമൊരുക്കിയതിനുപിന്നാലെയാണ് മന്ത്രാലയ രൂപീകരണം. ആദായ നികുതി വകുപ്പുവഴി കേരളത്തിലെ സഹകരണ വായ്പാ മേഖലയിൽ പിടിമുറുക്കാനൊരുങ്ങിയപ്പോൾ സുപ്രീംകോടതിയിൽ തിരിച്ചടി നേരിട്ടതോടെയാണ് വളഞ്ഞവഴി തേടിയത്.
ഫെഡറൽ തത്വങ്ങൾക്ക് എതിരായ ഈ നീക്കം കക്ഷിഭേദമെന്യേ എതിർക്കപ്പെടുകയാണ്. ഇതുവരെ കൃഷി മന്ത്രാലയത്തിൻ കീഴിലായിരുന്നു സഹകരണവും. ഒന്നിലേറെ സംസ്ഥാനങ്ങൾ പ്രവർത്തനപരിധിയാകുന്ന സംഘങ്ങൾ മന്ത്രാലയത്തിലെ സെൻട്രൽ രജിസ്ട്രാറിന്റെ അധികാര പരിധിയിലായിരുന്നു. സംസ്ഥാന സഹകരണ നിയമത്തിനുകീഴിൽ രജിസ്റ്റർ ചെയ്തിരുന്ന സംഘങ്ങൾ സംസ്ഥാന സഹകരണ സംഘം രജിസ്ട്രാറുടെ കീഴിലുമാണ്. ഈ നിയന്ത്രണ, മേൽനോട്ട സംവിധാനം തകർക്കാനാണ് കേന്ദ്രശ്രമം.
നൂറുകണക്കിന് കോടി രൂപയുടെ നിക്ഷേപമുള്ള സഹകരണ ബാങ്കുകൾ കേരളത്തിലുണ്ട്. ഊരാളുങ്കൽ സൊസൈറ്റിപോലുള്ള ലോക മാതൃകകളുമേറെ. സഹകരണ സംഘങ്ങളെയും കുത്തകകളുടെ തട്ടിപ്പിന് എറിഞ്ഞുകൊടുക്കുകയാണ്.
വൻതുക വായ്പ നൽകി കിട്ടാക്കടമായി പ്രഖ്യാപിക്കുന്ന രീതിയാണ് പൊതുമേഖലാ ബാങ്ക് കൊള്ളയ്ക്ക് ഉപയോഗിച്ചത്. രാജ്യത്ത് 8.2 ലക്ഷം സഹകരണ സംഘമുണ്ടെന്നാണ് കണക്ക്. ഇവ സമാഹരിക്കപ്പെടുന്ന പണവും നൽകുന്ന സേവനങ്ങളും കുത്തകകൾക്ക് വെല്ലുവിളിയാണ്. ഗ്രാമീണ സമ്പദ്ഘടനയിലേക്കുള്ള കടന്നുകയറ്റത്തിന് ഇക്കൂട്ടർക്ക് തടസ്സമാകുന്നത് സഹകരണ പ്രസ്ഥാനമാണ്. ഈ തടസ്സം നീക്കലും മന്ത്രാലയ രൂപീകരണത്തിലൂടെ ലക്ഷ്യമിടുന്നു.