കൊച്ചി > കോൺഗ്രസ്, ബിജെപി നേതാക്കളുടെ പേരുപറയാൻ ജയിലിൽ ഭീഷണിപ്പെടുത്തുന്നുവെന്ന പരാതിയുമായി സ്വർണക്കടത്തുകേസിലെ ഒന്നാംപ്രതി പി എസ് സരിത്. പരാതിയുമായി എൻഐഎ കോടതിയിൽ ഹാജരായി സരിത് മൊഴിനൽകി. ഏത് നേതാക്കളുടെ പേരുപറയാനാണ് ഭീഷണിയുണ്ടായതെന്ന് സരിത്തിന് പറയാനായില്ല.
ജയിലിലെ ഭീഷണിസംബന്ധിച്ച് അന്വേഷണ ഏജൻസികൾക്ക് നൽകിയ പരാതിയിലും സരിത് നേതാക്കളുടെ പേര് പറഞ്ഞിരുന്നില്ല. ജയിലിൽ ലഹരിപദാർഥങ്ങൾ ഉപയോഗിച്ചതിന് പിടിയിലായതിനെ തുടർന്നാണ് സരിത് ഇത്തരമൊരു പരാതി ഉയർത്തിയതെന്നാണ് ജയിൽവകുപ്പ് നൽകുന്ന വിശദീകരണം. ജയിലിൽ ഭീഷണിയുണ്ടെന്ന് ബന്ധുക്കൾവഴി സരിത് അന്വേഷണ ഏജൻസികളെ അറിയിച്ചു. ഇതിനെ തുടർന്നാണ് സരിത്തിനെ ഹാജരാക്കാൻ കോടതി നിർദേശിച്ചത്.
ശനിയാഴ്ച പ്രത്യേക സിറ്റിങ് നടത്തിയാണ് എൻഐഎ കോടതി സരിത്തിന്റെ മൊഴിയെടുത്തത്. അപ്പോഴും ഒരു നേതാവിന്റെ പേരും സരിത് പറഞ്ഞില്ലെന്നാണ് വിവരം. പ്രതിക്ക് ജയിലിൽ സംരക്ഷണം ഉറപ്പാക്കണമെന്നും ശാരീരിക–-മാനസിക പീഡനം പാടില്ലെന്നും കോടതി ജയിൽവകുപ്പിന് നിർദേശം നൽകി. ഇതേപരാതിയിൽ സാമ്പത്തികകുറ്റങ്ങൾ വിചാരണ ചെയ്യുന്ന കൊച്ചിയിലെ പ്രത്യേക കോടതി 19ന് സരിത്തിന്റെ മൊഴിയെടുക്കും.
സ്വർണക്കടത്തുകേസ് പ്രതികൾ ജയിലിൽ ലഹരി ഉപയോഗിച്ചതിന്റെ സിസിടിവി ദൃശ്യങ്ങൾ അധികൃതർക്ക് ലഭിച്ചിട്ടുണ്ട്.സരിത്തും കെ ടി റമീസും ജയിൽനിയമങ്ങൾ അനുസരിക്കുന്നില്ലെന്ന് ഏഴിന് പൂജപ്പുര ജയിൽ സൂപ്രണ്ട് റിപ്പോർട്ട് നൽകിയിരുന്നു.
സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാനെത്തിയ ഉദ്യോഗസ്ഥർക്കുനേരെ പ്രതികൾ അതിക്രമം കാണിച്ചെന്നും റിപ്പോർട്ടിലുണ്ട്. നയതന്ത്ര ബാഗേജിൽ സ്വർണം കടത്തിയ കേസിൽ ആദ്യം പിടിയിലായത് യുഎഇ കോൺസുലേറ്റിലെ മുൻ പിആർഒയായ സരിത്താണ്. അതേസമയം, സ്വർണക്കടത്തുകേസിൽ കോഫെപോസ ചുമത്തിയിട്ടുള്ള പ്രതികളെ കേരളത്തിനുപുറത്തെ ജയിലിലേക്ക് മാറ്റാൻ കസ്റ്റംസ് ആലോചിക്കുന്നുണ്ട്. ബംഗളൂരുവിലെ ജയിലിലേക്ക് മാറ്റാനാണ് നീക്കം.