കൊച്ചി > ചികിത്സാ ചെലവിന് പണം ആവശ്യമുള്ള രോഗിയുടെ പേരിൽ ഫെയ്സ്ബുക്കിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കി പണം തട്ടിയ അമ്മയും മകളും പൊലീസ് പിടിയിൽ. പാല ഓലിക്കൽ സ്വദേശികളായ മറിയാമ്മ സെബാസ്റ്റ്യൻ (59), മകൾ അനിത ടി ജോസഫ് (29) എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും ചേരാനല്ലൂരിലെ ഫ്ലാറ്റിൽ താമസിച്ചുവരികയായിരുന്നു.
എയിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രായമംഗലം സ്വദേശിയായ പ്രവീൺ മൻമഥന്റെ മകളുടെ പേരിലാണ് ഇവർ ഫെയ്സ്ബുക്കിൽ വ്യാജ അക്കൗണ്ടുണ്ടാക്കി പണപ്പിരിവ് നടത്തിയത്. ചാരിറ്റി പ്രവർത്തകനായ ഫറൂഖ് ചെർപ്പുളശേരി മുഖേനയായിരുന്നു പണപ്പിരിവ്. മകളുടെ ചിത്രങ്ങൾ ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പ്രവീൺ നൽകിയ പരാതിയിലാണ് ചേരാനല്ലൂർ പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ഒരു ലക്ഷത്തോളം രൂപ തട്ടിയെടുത്ത് ആർഭാട ജീവിതം നയിക്കുകയായിരുന്നു ഇവരെന്ന് പൊലീസ് പറഞ്ഞു.
ചേരാനല്ലൂർ സിഐ കെ ജി വിപിൻകുമാർ , എസ്ഐ സന്തോഷ് മോൻ, എഎസ്ഐ വി എ ഷുക്കൂർ, പി പി വിജയകുമാർ, എസ്സിപിഒ സിഗേഷ്, എൽ വി പോൾ, ഷീബ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. തുടർന്ന് ഇവരെ ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി.