കണ്ണൂർ> സ്കൂൾ കോഴ, അനധികൃത സ്വത്ത് സമ്പാദന കേസുകളിൽ കുരുക്കുമുറുകവെ, തെരഞ്ഞെടുപ്പ് ഫണ്ട് വെട്ടിപ്പ് ആരോപണംകൂടി ഉയർന്നതോടെ മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജിയുടെ നില കൂടുതൽ പരുങ്ങലിലായി. കഴിഞ്ഞ ദിവസം ചേർന്ന കണ്ണൂർ ജില്ലാ കമ്മിറ്റി യോഗത്തിൽ ഗുരുതരമായ സാമ്പത്തിക ആരോപണമാണ് അഴീക്കോട് മണ്ഡലം ഭാരവാഹികൾ ഉന്നയിച്ചത്. യോഗത്തിൽ പങ്കെടുത്ത മറ്റുള്ളവരും പ്രശ്നം ഏറ്റുപിടിച്ചത് ജില്ല, -സംസ്ഥാന നേതൃത്വത്തെയും പ്രതിന്ധിയിലാക്കി.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സംസ്ഥാന നേതൃത്വം അനുവദിച്ച ഫണ്ട് അഴീക്കോട് മണ്ഡലത്തിൽ ചെലവഴിച്ചില്ലെന്നാണ് യോഗത്തിൽ ഉയർന്ന പ്രധാന ആരോപണം. മറ്റു രീതിയിലും ഷാജി പണം സമാഹരിച്ചിട്ടുണ്ട്. ഇതൊന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വിനിയോഗിച്ചില്ല. ജില്ലാ കമ്മിറ്റിയിൽ ഉയർന്ന ഫണ്ട് വെട്ടിപ്പ് ആരോപണം വിജിലൻസ് അന്വേഷണത്തെ ബലപ്പെടുത്തുന്നതാണ്. അനധികൃതമായി സൂക്ഷിച്ച 50 ലക്ഷം രൂപയാണ് ഷാജിയുടെ വീട്ടിൽനിന്ന് വിജിലൻസ് നേരത്തെ കണ്ടെത്തിയത്.
അഴീക്കോട് സ്കൂളിന് ഹയർസെക്കൻഡറി ബാച്ച് അനുവദിക്കാൻ ഷാജി കോഴവാങ്ങിയ കേസിൽ ലീഗ് ജില്ലാ നേതാക്കളെയടക്കം നേരത്ത ചോദ്യംചെയ്തിരുന്നു. ഷാജി 25 ലക്ഷം രൂപ ആവശ്യപ്പെട്ടതായി ലീഗ് നേതാവായിരുന്ന നൗഷാദ് പൂതപ്പാറയാണ് ആദ്യം പരാതി ഉന്നയിച്ചത്. ഷാജിയുടെ വീട് നിർമാണവും ചർച്ചയായതോടെ അനധികൃത സ്വത്ത് സമ്പാദനവും അന്വേഷണ വിഷയമായി.