കണ്ണൂർ> സ്കൂൾ അടഞ്ഞുകിടന്നിട്ടും കേന്ദ്രസർക്കാർ സ്ഥാപനമായ കേന്ദ്രീയ വിദ്യാലയങ്ങൾ ഫീസ് പിഴിയുന്നു. ഓൺലൈൻ ക്ലാസ് മാത്രം നടക്കുന്ന സാഹചര്യത്തിൽ ഫീസ് ഉപേക്ഷിക്കണമെന്ന ആവശ്യം അധികൃതർ അംഗീകരിച്ചിട്ടില്ല. ഫീസായി 3800 രൂപയാണ് ഈടാക്കുന്നത്. കേന്ദ്രീയ വിദ്യാലയത്തിൽ അധ്യാപകർക്കും ജീവനക്കാർക്കും ശമ്പളം നൽകുന്നത് കേന്ദ്ര സർക്കാരാണ്. വൈദ്യുതി, ടെലിഫോൺ ചാർജ് എന്നിവ മാത്രമാണ് സ്കൂൾ നേരിട്ട് കണ്ടെത്തേണ്ടത്. അധ്യയനം ഇല്ലാത്തതിനാൽ ഈയിനത്തിലുള്ള ചെലവ് പരിമിതമാണെന്നിരിക്കെയാണ് പകൽക്കൊള്ള.
കുട്ടികളുടെ ക്ഷേമത്തിനും സ്കൂൾ വികസനത്തിനുമായാണ് വിദ്യാലയ വികാസ് നിധി എന്ന പേരിൽ 1500 രൂപ പിരിക്കുന്നത്. കംപ്യൂട്ടർ പഠനത്തിനായി 300 രൂപ വേറെ നൽകണം. കുട്ടികളുടെ മൊബൈലിലും കംപ്യൂട്ടറിലുമാണ് ഓൺലൈൻ വിദ്യാഭ്യാസം. ഇന്റർനെറ്റ് കണക്ടിവിറ്റിയും വിദ്യാർഥികളുടെ ഉത്തരവാദിത്തമാണ്. പാഠപുസ്തകം വിദ്യാഭ്യാസ അവകാശ നിയമ പ്രകാരം കേന്ദ്ര സർക്കാരാണ് നൽകേണ്ടത്. ഇതും വിദ്യാർഥികളാണ് വാങ്ങുന്നത്.
അൺ എയ്ഡഡ് സ്ഥാപനങ്ങളടക്കം കോവിഡ് കാലത്ത് ഫീസിളവ് അനുവദിക്കുമ്പോഴാണ് ഇവിടെ കൊള്ള തുടരുന്നത്. എറണാകുളം മേഖലയിലെ 54 കേന്ദ്രീയ വിദ്യാലയങ്ങളിൽ ഒന്നാം ക്ലാസ് അഡ്മിഷൻ തുടങ്ങുന്നതിന് മുമ്പേ ഫീസ് അടയ്ക്കാനുള്ള അറിയിപ്പ് വന്നു. കഴിഞ്ഞ വർഷം ഫീസ് കുടിശ്ശികയുടെ പേരിൽ 10, 12 ക്ലാസുകളിലെ ടി സി തടഞ്ഞിരുന്നു.
വിദ്യാലയങ്ങൾ ഒരുക്കേണ്ട സൗകര്യങ്ങളല്ലാം കോവിഡ് കാലത്ത് നിഷേധിക്കപ്പെട്ടിട്ടും ഫീസിന് ഇളവില്ല. അറ്റകുറ്റപ്പണി, കായികമത്സരങ്ങൾ, പരിശീലനം, ഗ്രൗണ്ട് ഒരുക്കൽ, സ്കൂൾ പൂന്തോട്ടത്തിന്റെയും പാർക്കിന്റെയും പരിപാലനം, പരീക്ഷ, സ്കൂൾ ദിനാഘോഷം തുടങ്ങിയവയ്ക്കാണ് വിദ്യാലയനിധി ഉപയോഗിക്കാറുള്ളത്. ഇതിൽ നാമമാത്രമായ പ്രവർത്തനം മാത്രമാണ് കോവിഡ് കാലത്ത് നടന്നത്.