തിരുവനന്തപുരം
സംസ്ഥാന ബിജെപി ഘടകത്തെ നിയന്ത്രിക്കുന്ന സഹമന്ത്രി വി മുരളീധരനുള്ള തിരിച്ചടിയായി രാജീവ് ചന്ദ്രശേഖറിന്റെ മന്ത്രിസഭാ പ്രവേശം. പ്രതീക്ഷിച്ച സ്ഥാനക്കയറ്റം മുരളീധരന് ലഭിച്ചില്ലെന്നുമാത്രമല്ല, എതിർപക്ഷത്തെ സഹായിക്കുന്ന രാജീവ് ചന്ദ്രശേഖർ മന്ത്രിസഭയിലെത്തുകയും ചെയ്തു. ഇതിലുള്ള രോഷം മുരളീധര പക്ഷം പരസ്യമായി പ്രകടിപ്പിച്ചു. മലയാളിയായിട്ടും രാജീവിന്റെ ചിത്രം മുഖപത്രം ജന്മഭൂമി ഒന്നാംപേജിൽ നൽകിയില്ല.
സുരേന്ദ്രൻ, മറ്റു പ്രധാന നേതാക്കൾ, ബിജെപി സംസ്ഥാന കമ്മിറ്റി എന്നിവയുടെ സാമൂഹ്യമാധ്യമ പേജുകളിൽ രാജീവ് മന്ത്രിയായത് അറിഞ്ഞ ഭാവമില്ല. എന്നാൽ ശോഭാ സുരേന്ദ്രൻ ചിത്രം സഹിതം ‘രാജീവേട്ടന് എല്ലാവിധ ആശംസകളും ’ എന്ന് പോസ്റ്റിട്ടു. ഏഷ്യാനെറ്റ് ന്യൂസ് ഉൾപ്പെടെയുള്ള മാധ്യമ സ്ഥാപനങ്ങളുടെ ഉടമസ്ഥനാണ് രാജീവ്. ചാനലുപയോഗിച്ച് രാജീവ് തങ്ങളെ തകർക്കാൻ ശ്രമിക്കുന്നുവെന്ന വികാരമാണ് വി മുരളീധരനും കെ സുരേന്ദ്രനുമുള്ളത്. അവസരം കിട്ടുമ്പോഴെല്ലാം മുരളീധര പക്ഷം ഏഷ്യാനെറ്റിനെ ആക്രമിക്കാറുമുണ്ട്. വാർത്താസമ്മേളനങ്ങളിൽ കെ സുരേന്ദ്രൻ ചാനലിന്റെ പേരുപറഞ്ഞ് വിമർശിക്കാറുണ്ട്.
പ്രധാനമന്ത്രി നരേന്ദ്രമോഡി, അമിത് ഷാ എന്നിവരുമായി അടുത്ത ബന്ധമുള്ള ദേശീയ വക്താവായിരുന്നു രാജീവ്. രാജീവ് വന്നതോടെ കേരളത്തിൽ വി മുരളീധരന്റെ അപ്രമാദിത്വം നഷ്ടമാകും. വിദേശകാര്യ വകുപ്പിൽ മൂന്ന് സഹമന്ത്രിമാരാക്കിയതും വി മുരളീധരന്റെ പ്രവർത്തനത്തോടുള്ള കേന്ദ്ര നേതൃത്വത്തിന്റെ അതൃപ്തി സൂചിപ്പിക്കുന്നു.
കൂട്ടിന് 2 സഹമന്ത്രിമാർകൂടി; പ്രാധാന്യം കുറഞ്ഞ്
മുരളീധരൻ
കേന്ദ്ര മന്ത്രിസഭയിലെ ഏക മലയാളിയായിരുന്ന വി മുരളീധരനെ ഒതുക്കാൻ വകുപ്പിലേക്ക് രണ്ട് സഹമന്ത്രിമാർകൂടി. സ്ഥാനക്കയറ്റം പ്രതീക്ഷിച്ച മുരളീധരന് ഇത് വലിയ തിരിച്ചടിയായി. മീനാക്ഷി ലേഖിയും ഇന്നർ മണിപ്പുർ എംപി ഡോ. രാജ്കുമാർ രഞ്ജൻ സിങ്ങുമാണ് സഹമന്ത്രിമാരായെത്തിയത്. ഇതോടെ രണ്ടാം മോഡി സർക്കാരിൽ വിദേശ മന്ത്രാലയത്തിലെ ഏക സഹമന്ത്രിയായിരുന്ന മുരളീധരന്റെ പ്രാധാന്യം കുറഞ്ഞു. രണ്ട് വിദേശ സഹമന്ത്രിമാർ പതിവായിരുന്നെങ്കിലും എണ്ണം കുറയ്ക്കാൻ പ്രധാനമന്ത്രി തീരുമാനിച്ചതോടെയാണ് മുരളീധരൻ ഏക സഹമന്ത്രിയായത്. പാർലമെന്ററികാര്യ മന്ത്രാലയ ചുമതലയുമുണ്ടായിരുന്ന മുരളീധരന് ഗൾഫ് മേഖലയടക്കം വിപുലമായ ഉത്തരവാദിത്തമുണ്ടായിരുന്നു.
മന്ത്രിസഭയിലേക്ക് മലയാളിയായ രാജീവ് ചന്ദ്രശേഖരനെത്തിയതും മുരളീധരന് ക്ഷീണമായി. കേരള ബിജെപിയിലെ മുരളീധരവിഭാഗം മുൻകൈയെടുത്തുള്ള ഏഷ്യാനെറ്റ് ന്യൂസ് ബഹിഷ്കരണം തുടരുമ്പോഴാണ് സ്ഥാപനമേധാവിതന്നെ കേന്ദ്ര മന്ത്രിസഭയിലേക്കെത്തിയത്. ഡൽഹിയിലെ ഔദ്യോഗിക വാർത്താസമ്മേളനങ്ങളിൽനിന്നുപോലും ഏഷ്യാനെറ്റ് പ്രതിനിധിയെ മുരളീധരൻ ഇറക്കിവിട്ടിരുന്നു. മന്ത്രിയെന്ന നിലയിൽ ബിജെപി തീരുമാനം തനിക്കും ബാധകമാണെന്നായിരുന്നു ന്യായീകരണം.
മന്ത്രിമാരുടെ പ്രകടനം വിലയിരുത്തിയപ്പോഴും മുരളീധരന് കാര്യങ്ങൾ എളുപ്പമായില്ല. നയതന്ത്ര സ്വർണക്കടത്തിലെ വിവാദ പരാമർശങ്ങളും തിരിച്ചടിയായി. സംഘടനാചുമതലയുള്ള ജനറൽ സെക്രട്ടറി ബി എൽ സന്തോഷിന്റെ പിന്തുണയിലാണ് സഹമന്ത്രിപദവി നിലനിർത്താൻപോലും മുരളീധരനായത്.