കൊച്ചി
ബിവറേജസ് ഔട്ട്ലെറ്റുകൾക്കുമുന്നിലെ നീണ്ടനിരയുടെ കാര്യത്തിൽ നടപടി ഉണ്ടാകണമെന്ന് ഹൈക്കോടതി. മദ്യവിൽപ്പനയിൽ ലാഭംമാത്രം നോക്കരുതെന്നും ജനത്തിന്റെ ആരോഗ്യമാണ് പ്രധാനമെന്നും കോടതി പറഞ്ഞു.തൃശൂരിൽ ബെവ്കോ ഔട്ട്ലെറ്റിനുമുന്നിലെ ക്യൂ, കച്ചവടത്തിന് തടസ്സമാണെന്നും നടപടി വേണമെന്നും ആവശ്യപ്പെട്ട് വ്യാപാരികൾ സമർപ്പിച്ച ഹർജിയാണ് ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ പരിഗണിച്ചത്.
സംസ്ഥാനത്ത് കോവിഡ് നിരക്ക് കുറയാതിരിക്കുമ്പോഴും മദ്യഷോപ്പുകൾക്കുമുന്നിൽ നീണ്ടനിരയാണെന്ന് കോടതി പറഞ്ഞു. മദ്യവിൽപ്പനയിൽ ബെവ്കോയ്ക്ക് എതിരാളികളില്ല. മത്സരമില്ലാത്ത സാഹചര്യത്തിൽ ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യം ഒരുക്കണം.
എൺപത്തിമൂന്നു പ്രീമിയം കൗണ്ടർ ആരംഭിച്ചതായി കോർപറേഷൻ അറിയിച്ചു. എക്സൈസ് കമീഷണർ എസ് അനന്തകൃഷ്ണൻ, ബെവ്കോ എംഡി യോഗേഷ് ഗുപ്ത എന്നിവർ ഹാജരായി. നീണ്ടനിര ഒഴിവാക്കുന്നതുസംബന്ധിച്ച് ബെവ്കോ രണ്ടാഴ്ചയ്ക്കകം മറുപടി നൽകാനും കോടതി നിർദേശിച്ചു.