കൊച്ചി
ലക്ഷദ്വീപിൽനിന്ന് ന്യൂ മംഗളൂരുവിലേക്ക് യാത്രാകപ്പൽ സർവീസ് ആരംഭിക്കാനുള്ള നടപടികൾ വേഗത്തിലാക്കി ദ്വീപ് അഡ്മിനിസ്ട്രേഷൻ. ഇതിന്റെ ഭാഗമായി ന്യൂ മംഗളൂരു തുറമുഖത്ത്, ലക്ഷദ്വീപിൽനിന്നുള്ള ഉന്നതോദ്യോഗസ്ഥസംഘം കഴിഞ്ഞദിവസം പരിശോധന നടത്തി. റിപ്പോർട്ട് അഡ്മിനിസ്ട്രേറ്റർക്ക് സമർപ്പിക്കും. അടിസ്ഥാനസൗകര്യങ്ങൾ വിലയിരുത്താനും യാത്രാകപ്പൽ സർവീസ് തുടങ്ങുന്നതിനുമുന്നോടിയായുള്ള ഒരുക്കങ്ങൾ ചർച്ച ചെയ്യാനുമാണ് ലക്ഷദ്വീപ് പോർട്ട് ഡെപ്യൂട്ടി ഡയറക്ടറും അഡ്മിനിസ്ട്രേറ്റീവ് ഓഫീസറും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും മംഗളൂരു സന്ദർശിച്ചത്. ന്യൂ മംഗളൂരു തുറമുഖവുമായുള്ള ഗതാഗതബന്ധം വിപുലമാക്കാൻ ആറ് നോഡൽ ഓഫീസർമാരെ അഡ്മിനിസ്ട്രേഷൻ നിയോഗിച്ചിട്ടുണ്ട്.
കേരളവുമായുള്ള എല്ലാ ബന്ധവും പടിപടിയായി വിച്ഛേദിക്കലാണ് ലക്ഷ്യം. കേരള ഹൈക്കോടതിയിലുള്ള ലക്ഷദ്വീപിലെ കേസുകൾ കർണാടകത്തിലേക്ക് മാറ്റാൻ നടപടി ആരംഭിച്ചിരുന്നു. കൊച്ചിയിലെ അഡ്മിനിസ്ട്രേഷൻ ഓഫീസിൽ പ്രവർത്തിച്ചിരുന്ന വിദ്യാഭ്യാസവകുപ്പിന്റെ ഓഫീസ് അടച്ചുപൂട്ടിയത് അടുത്തിടെയാണ്. കൊച്ചി, ബേപ്പൂർ തുറമുഖങ്ങളെയാണ് യാത്രയ്ക്കും മറ്റാവശ്യങ്ങൾക്കും ദ്വീപുവാസികൾ ആശ്രയിക്കുന്നത്. ഏറിയപങ്കും കൊച്ചി തുറമുഖംവഴിയാണ്. അത്യാവശ്യ ചരക്കുഗതാഗതത്തിനുമാത്രമാണ് മംഗളൂരുവിനെ ആശ്രയിക്കുന്നത്. ബേപ്പൂർ തുറമുഖത്തെ സൗകര്യങ്ങൾ വർധിപ്പിച്ചാൽ മംഗളൂരുവിനെ തീരെ ആശ്രയിക്കേണ്ടിവരില്ല. ബേപ്പൂരിലെ സൗകര്യങ്ങൾ വർധിപ്പിക്കാൻ കേരളസർക്കാർ നടപടി ആരംഭിച്ചിട്ടുമുണ്ട്. നിലവിൽ ചെത്ലാത്ത്, കിൽത്താൻ, കടമത്ത് ദ്വീപുകളിലേക്ക് മംഗളൂരു തുറമുഖംവഴി ബാർജ് സർവീസ് നടത്തുന്നുണ്ട്.
ഏകദേശം 450 യാത്രക്കാർക്ക് സഞ്ചരിക്കാവുന്ന കപ്പൽ മംഗളൂരു തുറമുഖത്തേക്ക് സർവീസ് ആരംഭിക്കാനുള്ള നീക്കം കൊച്ചിയെ അവഗണിക്കാനുള്ള തന്ത്രമാണെന്ന് ലക്ഷദ്വീപിലെ വിവിധ രാഷ്ട്രീയകക്ഷികൾ അഭിപ്രായപ്പെട്ടു. ദ്വീപിൽ ജനവിരുദ്ധപരിഷ്കാരങ്ങൾക്കെതിരെ ഉയരുന്ന പ്രതിഷേധങ്ങൾക്ക് കേരളം നൽകുന്ന പിന്തുണയിൽ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന് അതൃപ്തിയുണ്ട്. അഡ്മിനിസ്ട്രേറ്ററുടെ പരിഷ്കാരങ്ങൾ ആവേശപൂർവം നടപ്പാക്കുന്ന കലക്ടർ എസ് അസ്കർ അലി കൊച്ചിയിലെത്തിയപ്പോൾ ശക്തമായ പ്രതിഷേധമാണുണ്ടായത്.
കൊച്ചി വിമാനത്താവളംവഴിയുള്ള യാത്ര ഒഴിവാക്കിയാണ് കഴിഞ്ഞമാസം പ്രഫുൽ പട്ടേൽ ലക്ഷദ്വീപിലെത്തിയത്. ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കേരള നിയമസഭ പ്രമേയം പാസാക്കിയതും അഡ്മിനിസ്ട്രേഷനെ ചൊടിപ്പിച്ചു.