കൽപ്പറ്റ
എൻഡിഎ സ്ഥാനാർഥിയാകാൻ സി കെ ജാനുവിന് 35 ലക്ഷം കോഴ നൽകിയെന്ന കേസിൽ ബിജെപി മേഖലാ സെക്രട്ടറി കെ പി സുരേഷിനെ ക്രൈം ബ്രാഞ്ച് ചോദ്യംചെയ്തു. ജില്ലാ പൊലീസ് ആസ്ഥാനത്തെ ക്രൈം ബ്രാഞ്ച് ഓഫീസിലായിരുന്നു ചോദ്യം ചെയ്യൽ. വ്യാഴാഴ്ച രാവിലെ പത്തോടെ ഡിവൈഎസ്പി അജിത്ത് കുമാറിന്റെ നേതൃത്വത്തിൽ തുടങ്ങിയ ചോദ്യംചെയ്യൽ വൈകിട്ട് അഞ്ചുവരെ നീണ്ടു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഒന്നാം പ്രതിയായ കേസാണിത്.
സംഘടനാ സെക്രട്ടറി എം ഗണേഷിന് വെള്ളിയാഴ്ച ഹാജരാവാൻ നോട്ടീസ് നൽകി. ഇതോടെ കോഴക്കേസിൽ ബിജെപി കൂടുതൽ പ്രതിരോധത്തിലായി. ഒന്നും രണ്ടും പ്രതികളായ കെ സുരേന്ദ്രനെയും സി കെ ജാനുവിനെയും അന്വേഷകസംഘം ഉടൻ വിളിപ്പിക്കും.
കെ സുരേന്ദ്രനെ വീണ്ടും വിളിപ്പിക്കും
ബിജെപി കുഴൽപ്പണക്കേസിൽ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ അടുത്ത ആഴ്ച വീണ്ടും വിളിപ്പിക്കും. ഉടൻ നോട്ടീസ് അയക്കും. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ജൂലൈ രണ്ടിന് നോട്ടീസയച്ചെങ്കിലും സുരേന്ദ്രൻ ഒഴിഞ്ഞുമാറി. എന്നാൽ വീണ്ടും എത്താതിരുന്നാൽ നിയമ നടപടി നേരിടേണ്ടി വരുമെന്നതിനാൽ അടുത്ത തവണ സുരേന്ദ്രൻ ഹാജരാകുമെന്നാണ് സൂചന. 13നുശേഷം സുരേന്ദ്രനെ വിളിപ്പിച്ചേക്കും. കേസിൽ 26നകം അന്വേഷകസംഘം കുറ്റപത്രം സമർപ്പിക്കും. കുഴൽപ്പണ കടത്തിൽ സുരേന്ദ്രന് നിർണായക പങ്കുണ്ടെന്നാണ് അന്വേഷക സംഘത്തിന്റെ നിഗമനം.