കൊച്ചി
ഫാസിസ്റ്റ് ഭരണകൂടഭീകരതയുള്ള ഇന്ത്യയിൽ ഫാ. സ്റ്റാൻ സ്വാമിയുടെ മരണം ജുഡീഷ്യൽ കൊലപാതകമാണെന്ന് കത്തോലിക്കാ സഭാ മുഖപത്രം ‘സത്യദീപം’ മുഖപ്രസംഗം. ആക്ടിവിസ്റ്റ് എന്നാൽ ആന്റി-സോഷ്യൽ എന്ന ഫാസിസ്റ്റ് നിർവചന നിർമിതിയുടെ ഏറ്റവും ഒടുവിലത്തെ രക്തസാക്ഷിയാണ് ഫാ. സ്റ്റാൻ സ്വാമിയെന്നും സഭയുടെ എറണാകുളം–-അങ്കമാലി അതിരൂപത മുഖപത്രമായ സത്യദീപം ജൂലൈ പുതിയ ലക്കത്തിലെ മുഖപ്രസംഗത്തിൽ പറയുന്നു.
കെസിബിസി, സിബിസിഐ പോലുള്ള സഭാ ഔദ്യോഗിക പ്രതികരണ സമിതികൾ സ്റ്റാൻ സ്വാമി വിഷയത്തിൽ വേണ്ടത്ര ഇടപെടൽ നടത്തിയില്ലെന്ന് എടുത്തുപറയുന്ന മുഖപ്രസംഗം, ഭരണതലത്തിൽ സമ്മർദശക്തിയാകാനോ അന്തർദേശീയ മാധ്യമങ്ങളുടെ അടിയന്തരശ്രദ്ധയിൽ സംഭവത്തെ സജീവമായി നിലനിർത്താനോ ശ്രമിച്ചില്ലെന്നും പറഞ്ഞു. ജാർഖണ്ഡിലെ ആദിവാസികളുടെ മണ്ണിനും മാനത്തിനുംവേണ്ടി ജീവിതം സമർപ്പിച്ച വൈദികശ്രേഷ്ഠനെ രാജ്യദ്രോഹക്കുറ്റം ചുമത്തി തുറുങ്കിലടച്ചപ്പോൾ തടവിലാക്കപ്പെട്ടത് സാധാരണക്കാരന്റെ മൗലികാവകാശങ്ങളാണ്.
കോവിഡ് സാഹചര്യവും പാർക്കിൻസൻസ് രോഗതീവ്രതയും പ്രായവും പരിഗണിച്ച് വീഡിയോ കോൺഫറൻസിലൂടെ പരാതി കേൾക്കണമെന്ന വയോവൃദ്ധന്റെ ദയനീയവിലാപം അവഗണിച്ച കോടതി, ജാമ്യാപേക്ഷയിന്മേലുള്ള തീർപ്പ് അനന്തമായി നീട്ടിക്കൊണ്ടുപോവുകയായിരുന്നു. സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യമെങ്കിലും അതൊരു കസ്റ്റഡി കൊലപാതകംതന്നെയാണ്.
ജയിലിൽ താൻ മരിച്ചുപോകുമെന്നും പാർക്കിൻസൻസ് രോഗിയായ തനിക്ക് വെള്ളം കുടിക്കാൻ സ്ട്രോ അനുവദിക്കണമെന്ന ദയനീയ വിലാപംപോലും ഫാസിസ്റ്റ് ഭരണകൂടം ചെവിക്കൊണ്ടില്ല. അദ്ദേഹത്തിന് കോവിഡ് വാക്സിൻപോലും ലഭിച്ചിരുന്നില്ലെന്ന് അറിയുമ്പോഴാണ് മനുഷ്യാവകാശലംഘനങ്ങളുടെ ഭീകരമുഖം വെളിപ്പെടുന്നതെന്ന് സത്യദീപം മുഖപ്രസംഗത്തിൽ പറഞ്ഞു.