കൊച്ചി
വിവാഹവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ സമൂഹത്തിൽ തുടർച്ചയായ ബോധവൽക്കരണം വേണമെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവുമായ എം സി ജോസഫൈൻ പ്രസ്താവനയിൽ പറഞ്ഞു.
സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും നിയമംവഴി കുറ്റകരമാക്കിയിട്ടും ഈ സമ്പ്രദായം തുടരുന്നു. മാതാപിതാക്കൾ നൽകുന്ന സമ്മാനമെന്ന പേരിലാണത് തുടരുന്നത്. സ്ത്രീധനത്തിന്റെ പേരിലുള്ള ഗാർഹികപീഡനങ്ങളും തുടരുന്നു. പെൺകുട്ടികൾ മരിക്കുമ്പോഴാണ് പല പീഡനങ്ങളും പുറംലോകം അറിയുന്നത്.
ഇവിടെ ഉണ്ടാകേണ്ടത് മാറിച്ചിന്തിക്കുന്ന പൊതുസമൂഹമാണ്. നിലവിലുള്ള വിവാഹസമ്പ്രദായങ്ങളുടെ അലകും പിടിയും മാറണം. നിയമം മാത്രമല്ല, നിലപാടുകളും ഉണ്ടാകണം. വിവാഹവുമായി ബന്ധപ്പെട്ട അനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കുമെതിരെ ഓരോ കുടുംബത്തിലും വ്യക്തിയിലും ബോധവൽക്കരണം വേണം. സ്ത്രീപക്ഷ കേരള വിചിന്തനത്തിന് മുൻകൈയെടുത്ത സംസ്ഥാന സർക്കാരിനെ, അഭിവാദ്യം അറിയിക്കുന്നതായും എം സി ജോസഫൈൻ പറഞ്ഞു.