ന്യൂഡൽഹി
കേന്ദ്ര സർക്കാരിൽ ഘനവ്യവസായ മന്ത്രാലയത്തിന് കീഴിലായിരുന്ന പൊതുമേഖലാ വകുപ്പിനെ ധനമന്ത്രാലയത്തിന്റെ ഭാഗമാക്കി. 36 കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത് ഈ വകുപ്പാണ്. പൊതുമേഖല വിറ്റഴിക്കൽ വേഗത്തിലാക്കാനാണ് നീക്കം.
പൊതുമേഖലാ ഓഹരി വിൽപ്പനയിലൂടെ 1.75 ലക്ഷം കോടിരൂപ സമാഹരിക്കാനാണ് ബജറ്റിൽ ലക്ഷ്യമിട്ടത്. കോവിഡ് സാഹചര്യത്തിൽ വിറ്റഴിക്കലിന് പ്രതീക്ഷിച്ച വേഗമില്ല. എയർഇന്ത്യ അടക്കമുള്ളവയുടെ ഓഹരിവിൽക്കൽ നിലച്ചു. ധനമന്ത്രാലയത്തിന് കീഴിലായാൽ ഈ തടസ്സം മാറുമെന്നാണ് പ്രതീക്ഷ. പൊതുമേഖലാ സ്ഥാപനങ്ങളുടെ ആസ്തിവിൽപ്പനയും ലക്ഷ്യമിടുന്നു. എൻഎച്ച്എഐ, റെയിൽവേ, എയർപോർട്ട് അതോറിറ്റി, ഗെയിൽ തുടങ്ങിയവയുടെ സ്വത്തുക്കളിലാണ് സർക്കാർ കണ്ണുവച്ചത്. ധനവ്യയം, റവന്യൂ, സാമ്പത്തികകാര്യം, ധന സേവനങ്ങൾ, നിക്ഷേപം–- പൊതുസ്വത്ത് കൈകാര്യം വകുപ്പുകളും ധനമന്ത്രാലയത്തിന് കീഴിലാണ്. പൊതുമേഖലാ വകുപ്പ്കൂടി ചേർത്തതോടെ വകുപ്പുകൾ ആറായി. പൊതുമേഖലാ സ്ഥാപനങ്ങൾക്ക് മേലുള്ള സാമ്പത്തിക നിയന്ത്രണം ശക്തിപ്പെടുത്തലും ലക്ഷ്യമിടുന്നു.
സംസ്ഥാന വിഷയമായിട്ടും സഹകരണ മേഖലയ്ക്ക് പുതിയ മന്ത്രാലയം രൂപീകരിച്ച് അമിത് ഷായെ ഏൽപ്പിച്ചിരുന്നു. സഹകരണ മേഖലയെ ശക്തിപ്പെടുത്താൻ പ്രത്യേകമായ ഭരണ–- നിയമ–- നയ ചട്ടക്കൂടിന് രൂപം നൽകലാണ് പുതിയ മന്ത്രാലയത്തിന്റെ ലക്ഷ്യമെന്നാണ് കേന്ദ്രത്തിന്റെ അവകാശവാദം. എന്നാൽ സഹകരണസ്ഥാപനങ്ങളെ കേന്ദ്ര നിയന്ത്രണത്തിലേക്കെത്തിക്കലാണ് ലക്ഷ്യമെന്ന് വിമർശമുണ്ട്.
കണ്ണ് സഹകരണ നിക്ഷേപങ്ങളിൽ
2015 മാർച്ചിലെ കണക്കുകൾ പ്രകാരം സംസ്ഥാന സഹകരണ ബാങ്കുകൾക്ക് 1.98 ലക്ഷം കോടിയും ജില്ലാ സഹകരണ ബാങ്കുകൾക്ക് 4.06 ലക്ഷം കോടിയും നീക്കിയിരിപ്പുണ്ട്. സംസ്ഥാന ബാങ്കുകളുടെ ലാഭം 1005 കോടി രൂപയും ജില്ലാ ബാങ്കുകളുടേത് 793 കോടിയുമാണ്. കോർപ്പറേറ്റുകൾക്കായി പൊതുമേഖലാ ബാങ്കുകളെ കൊള്ളയടിച്ച മോഡി സർക്കാർ സഹകരണ സ്ഥാപനങ്ങളെയാണ് ഇനി ലക്ഷ്യംവയ്ക്കുന്നതെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ഫെഡറലിസത്തിന് വിരുദ്ധമാണ് നീക്കമെന്നും പാർലമെന്റിൽ എതിർക്കുമെന്നും യെച്ചൂരി വ്യക്തമാക്കി.