തിരുവനന്തപുരം
ഗർഭിണികളെയാണ് സിക വൈറസ് സാരമായി ബാധിക്കുകയെന്ന് പഠനം. ജനിക്കുന്ന കുട്ടികൾക്ക് അംഗവൈകല്യം ഉണ്ടായേക്കാം. എൻസിഡിസി ഡൽഹി, എൻഐവി പുണെ എന്നിവിടങ്ങളിലാണ് പരിശോധനയുള്ളത്. ആർടിപിസിആർ ടെസ്റ്റാണ് നടത്തുന്നത്. നിലവിൽ മരുന്നില്ല.
ജില്ലകൾക്ക് ജാഗ്രതാ നിർദേശം
രോഗംസ്ഥിരീകരിച്ച യുവതി കേരളത്തിന് പുറത്തേക്ക് യാത്ര ചെയ്തിട്ടില്ല. വീട് തമിഴ്നാട് അതിർത്തിയിലാണ്. ഒരാഴ്ചമുമ്പ് അമ്മയ്ക്കും സമാന ലക്ഷണങ്ങൾ ഉണ്ടായിരുന്നു.
സിക വൈറസിന്റെ പ്രാഥമിക സ്ഥിരീകരണം ഉണ്ടായപ്പോൾത്തന്നെ ആരോഗ്യവകുപ്പ് കൃത്യമായ നടപടി സ്വീകരിച്ചിരുന്നു. ജില്ലാ സർവൈലൻസ് ടീം, ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റ്, സംസ്ഥാന എന്റമോളജി ടീം എന്നിവർ പാറശാലയിലെ രോഗബാധിത പ്രദേശം സന്ദർശിച്ച് നിയന്ത്രണം ആരംഭിച്ചു. ദുരിതബാധിത പ്രദേശത്തുനിന്നും സമീപ പ്രദേശങ്ങളിൽനിന്നും ശേഖരിച്ച കൊതുകിന്റെ സാമ്പിളുകൾ പരിശോധനയ്ക്ക് അയക്കും. എല്ലാ ജില്ലകൾക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
വെള്ളം കുടിക്കണം
രോഗലക്ഷണങ്ങളുള്ളവർ വിശ്രമിക്കുകയും ധാരാളം വെള്ളം കുടിക്കുകയും വേണം. ആവശ്യമെങ്കിൽ ചികിത്സ തേടണം. വൈറസ് ബാധയുള്ള പ്രദേശത്തെ ഗർഭിണികൾ പരിശോധനയും ചികിത്സയും ഉറപ്പാക്കണം.
കടിക്കുന്നത് പകൽ
പകലാണ് വൈറസ് വാഹകരായ കൊതുക് കടിക്കുന്നത്. കൊച്ചുകുട്ടികളും ഗർഭിണികളും പകൽ ഉറങ്ങുമ്പോൾ കൊതുക് വല ഉപയോഗിക്കണം. കൊതുകിന്റെ ഉറവിടനശീകരണം നടത്തണം.