തിരുവനന്തപുരം
കേരളത്തിലെ കോവിഡ് പ്രതിരോധത്തിൽ സംതൃപ്തി രേഖപ്പെടുത്തി കേന്ദ്ര മൾട്ടി ഡിസിപ്ലിനറി ടീം. ആരോഗ്യമന്ത്രി വീണാ ജോർജുമായുള്ള ചർച്ചയിലാണ് സംഘം സംതൃപ്തി അറിയിച്ചത്. തിരുവനന്തപുരം ജനറൽ ആശുപത്രിയും കൊല്ലം ഗവ. മെഡിക്കൽ കോളേജും കോലഞ്ചേരി ജനറൽ ആശുപത്രിയും സംഘം സന്ദർശിച്ചു.
രോഗീപരിചരണം, അടിസ്ഥാനസൗകര്യം, വാക്സിനേഷൻ എന്നിവ വിലയിരുത്തി. പ്രതിദിന രോഗനിരക്കിൽ ആശങ്ക വേണ്ടെന്ന് കേന്ദ്രസംഘം പറഞ്ഞു. ഒന്ന്, രണ്ട് തരംഗത്തിൽ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ രോഗികൾ കുറഞ്ഞത് ശക്തമായ പ്രതിരോധത്തിലാണ്. ഓക്സിജൻ, ഐസിയു കിടക്ക എന്നിവയ്ക്ക് ക്ഷാമം ഉണ്ടാകാതെ ഇടപെട്ടത് നേട്ടമായെന്നും വിലയിരുത്തി.
സംസ്ഥാനത്തിന് 90 ലക്ഷം ഡോസ് വാക്സിൻ അധികം അനുവദിക്കണമെന്ന് മന്ത്രി അഭ്യർഥിച്ചു. റീജ്യണൽ ഡയറക്ടർ ഓഫീസർ ഡോ. റുചി ജെയിൻ, ജിപ്മർ പൾമണറി മെഡിസിൻ വിഭാഗം പ്രൊഫസർ സക വിനോദ് കുമാർ എന്നിവരാണ് സംഘത്തിലുണ്ടായത്. സ്റ്റേറ്റ് പബ്ലിക് ഹെൽത്ത് വിഭാഗവുമായും സംഘം ചർച്ച നടത്തി.















