വെംബ്ലി
ഡെൻമാർക്ക് മടങ്ങി. ലോകമെമ്പാടുമുള്ള സോക്കർ പ്രേമികളുടെ ഹൃദയം കവർന്ന്. സെമിയിൽ അധികസമയത്തെ ഗോളിൽ ഇംഗ്ലണ്ടിനോട് വീഴുകയായിരുന്നു. കോപ്പൻഹേഗനിൽ പ്രിയ കൂട്ടുകാരൻ ക്രിസ്റ്റ്യൻ എറിക്സൺ മൈതാനത്ത് പിടയുന്നത് കണ്ടാണ് ഡെൻമാർക്ക് ഈ യൂറോയിൽ അരങ്ങേറിയത്. പക്ഷേ, ചാരമായില്ല. ഉയർത്തെഴുന്നേറ്റു. സെമിവരെ പറന്നുയർന്നു. ‘പല പ്രയാസങ്ങളിലൂടെയാണ് കടന്നുപോയത്. ഒന്നിലും തളരാതെ നമ്മൾ ഒന്നിച്ചുനിന്നു. നിങ്ങൾ തന്ന സ്നേഹത്തിനും പരിഗണനയ്ക്കും ഏറെ നന്ദി. ഫൈനലിൽ എത്താൻ കഴിഞ്ഞില്ല. പക്ഷേ, ഡെൻമാർക്ക് ഫുട്ബോൾ ടീമിന്റെ ഭാവി പ്രത്യാശയും പ്രതീക്ഷയും നൽകുന്നതാണ്’–ഇംഗ്ലണ്ടിനെതിരായ തോൽവിക്കുശേഷം -പരിശീലകൻ കാസ്പെർ ഹുൽമണ്ടിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു.
കളത്തിലും പുറത്തും തോറ്റായിരുന്നു ഡെൻമാർക്ക് തുടങ്ങിയത്. ഫിൻലൻഡിനെതിരായ ആദ്യ കളിയിൽ ഹൃദയാഘാതത്തെ തുടർന്ന് എറിക്സൺ കുഴഞ്ഞുവീണു. കളത്തിൽ ഈ ഇരുപത്തൊമ്പതുകാരൻ മരണവുമായി മല്ലിടുന്നത് നെഞ്ചിടിപ്പോടെ, നിറകണ്ണുകളുമായി നോക്കിനിന്നാണ് അവർ ആരംഭിച്ചത്. കൂട്ടുകാരന്റെ വീഴ്ചയിൽ ടീമും വീണു. കന്നിക്കാരായ ഫിൻലൻഡിനോട് ഒറ്റഗോളിന് കീഴടങ്ങി. അടുത്തത് ബൽജിയത്തോടായിരുന്നു. ഇതിനിടെ എറിക്സൺ ഹൃദയതാളം വീണ്ടെടുത്തിരുന്നു. ബൽജിയത്തെ വിറപ്പിച്ചാണ് തോൽവി സമ്മതിച്ചത്. രണ്ടാംമിനിറ്റിൽ മുന്നിലെത്തി. പിന്നീട് രണ്ട് ഗോൾ വഴങ്ങുകയായിരുന്നു. രണ്ട് മത്സരവും തോറ്റ്, പ്രീ ക്വാർട്ടർ പ്രതീക്ഷകൾ ഏറെക്കുറെ അസ്തമിച്ചിട്ടും ഹുൽമണ്ടിന്റെ കുട്ടികൾ തളർന്നില്ല. റഷ്യയെ 4–-1ന് തരിപ്പണമാക്കി അവസാന പതിനാറിലേക്ക് മുന്നേറി. നിർത്തിയില്ല. വെയ്ൽസിനെയും ചെക്ക് റിപ്പബ്ലിക്കിനെയും മറികടന്ന് യൂറോയിലെ മൂന്നാം സെമി ഉറപ്പിച്ചു.
എറിക്സന്റെ ഉയിർപ്പായിരുന്നു ഡാനിഷ് വീര്യം ആളിക്കത്തിച്ചത്. ഒപ്പം ഒരുപിടി മികച്ച കളിക്കാരും. സിമോൺ കെയർ എന്ന ക്യാപ്റ്റനും ഗോളി കാസ്പെർ ഷ്മൈക്കേലും സംഘാംഗങ്ങൾക്ക് കരുത്തേകി. മൈക്കേൽ ദാംസ്ഗാർഡ്, കാസ്പെർ ഡോൾബെർഗ്, ജ്വോകിം മഹലെ എന്നീ യുവതുർക്കികളും കനലായി.
വെംബ്ലിയിൽ ഇംഗ്ലണ്ടിനെതിരെ അവസാന 23 മിനിറ്റിൽ അഞ്ച് മാറ്റങ്ങളാണ് ഹുൽമണ്ട് വരുത്തിയത്. ‘തന്ത്രങ്ങളുടെ ഭാഗമായിരുന്നില്ല അത്. കളിക്കാർ ക്ഷീണിച്ചിരുന്നു. പരിക്കും അലട്ടുന്നുണ്ടായി’–-പരിശീലകൻ പറഞ്ഞു. അഞ്ചാം പകരക്കാരൻ മാതിയാസ് ജെൻസെന് പരിക്കേറ്റതോടെ അവസാന 15 മിനിറ്റ് പത്തുപേരുമായാണ് ഡെൻമാർക്ക് പന്തുതട്ടിയത്. ഒടുവിൽ അധികസമയത്തെ നിർഭാഗ്യം കളിയെടുത്തു. ‘യൂറോയിലെ പാർടി അവസാനിച്ചിരിക്കുന്നു. ഇനി ലോകകപ്പിന് കാത്തിരിക്കാം’ എന്നാണ് ഡെൻമാർക്കിന്റെ തോൽവിയെ രാജ്യത്തെ പ്രധാനപത്രം ‘യില്ലൻഡ്സ് പൊസ്റ്റെൻ’ വിശേഷിപ്പിച്ചത്.