ലണ്ടൻ
അധികസമയത്ത് ഇംഗ്ലണ്ടിന് ലഭിച്ച പെനൽറ്റിയിൽ ഡെൻമാർക്ക് പരിശീലകൻ കാസ്പെർ ഹുൽമണ്ടിന് നിരാശ. റഹിം സ്റ്റെർലിങ്ങിനെ ഡെൻമാർക്ക് പ്രതിരോധം ബോക്സിൽ വീഴ്ത്തിയതിനായിരുന്നു പെനൽറ്റി. വാറിലാണ് തീർപ്പായത്. എന്നാൽ, സ്റ്റെർലിങ്ങിന്റെ വീഴ്ചയിൽ പെനൽറ്റി കിട്ടാൻ ഒന്നുമുണ്ടായില്ലെന്നായിരുന്നു ഹുൽമണ്ടിന്റെ പ്രതികരണം.
‘വളരെയധികം നിരാശ തോന്നുന്നു. പെനൽറ്റി തീരുമാനം നിരാശപ്പെടുത്തുന്നതായിരുന്നു. ഒരു കളി തോൽക്കുന്നത് സ്വാഭാവികം. പക്ഷേ, തോറ്റ രീതി സഹിക്കാനാകുന്നതല്ല. കുട്ടികൾ നന്നായി പൊരുതി. യൂറോയിൽനിന്ന് വേദനയോടെയാണ് മടക്കയാത്ര’–- ഹുൽമണ്ട് പറഞ്ഞു.
സ്റ്റെർലിങ്ങിന്റെ പെനൽറ്റിയിൽ വിവാദമുണ്ടായിരുന്നു. ഇംഗ്ലീഷ് മുന്നേറ്റക്കാരൻ ബോക്സിൽ വീഴുന്നതിന് മുമ്പ് കളത്തിൽ മറ്റൊരു പന്തും കൂടിയുണ്ടായിരുന്നു. ഒരേസമയം രണ്ട് പന്ത് കളത്തിൽ. റഫറി ഇതു ശ്രദ്ധിച്ചില്ല. കളത്തിൽ ഒരു പന്ത് അധികം കണ്ടിരുന്നെങ്കിലും എങ്ങനെ അത് കൈകാര്യം ചെയ്യുമെന്ന കാര്യത്തിൽ വ്യക്തതയുണ്ടായില്ലെന്ന് ഇംഗ്ലണ്ട് പരിശീലകൻ ഗാരെത് സൗത്ഗേറ്റ് പ്രതികരിച്ചു.