ലണ്ടൻ
വെംബ്ലിയിൽ തടിച്ചുകൂടിയ 66,000 കാണികൾക്ക് ഇംഗ്ലണ്ട് വിരുന്നൊരുക്കി. ഗാരെത് സൗത്ഗേറ്റിന്റെ സംഘം ചരിത്രമെഴുതുമെന്ന വിശ്വാസത്തിലാണ് തിരിച്ചുപോയത്. യൂറോയിൽ കന്നിക്കിരീടമെന്ന സ്വപ്നം താലോലിച്ച് അവർ ഞായറാഴ്ച വെംബ്ലിയിൽ വീണ്ടുമെത്തും. സെമി ജയിച്ചാൽ കിരീടമില്ലെന്ന് ഇംഗ്ലണ്ടിന് അറിയാം. എങ്കിലും ഡെൻമാർക്കിനെതിരായ സെമിഫൈനൽ ജയം ആവോളം ആഘോഷിച്ചു. കൊട്ടിഘോഷിക്കപ്പെട്ട മുൻതലമുറകൾക്കൊന്നും സാധിക്കാത്ത കാര്യമാണ് ഹാരി കെയ്നിന്റെ നേതൃത്വത്തിൽ ടീം നേടിയത്. 1966ലെ ലോകകപ്പ് നേട്ടത്തിനുശേഷം ആദ്യമായൊരു പ്രധാന ടൂർണമെന്റിന്റെ ഫൈനലിൽ എത്തിയിരിക്കുന്നു. യൂറോയിലെ ആദ്യ ഫൈനലും. ഞായറാഴ്ച ഇറ്റലിയെ തോൽപ്പിക്കാൻ കഴിഞ്ഞാൽ അത് ഇംഗ്ലീഷ് ഫുട്ബോളിന്റെ തങ്ക ലിപികളിൽ എഴുതപ്പെടും.
യൂറോയിലെ അവസാന സെമി പ്രവേശം 1996ലായിരുന്നു. അന്ന് ഇപ്പോഴത്തെ പരിശീലകൻ സൗത്ഗേറ്റിന്റെ പെനൽറ്റി പിഴവിൽ ജർമനിയോട് തോൽക്കുകയും ചെയ്തു. തുടർന്നുള്ള വർഷങ്ങളിലും നിരാശയായിരുന്നു ഫലം. ഇക്കുറി വലിയ വാഴ്ത്തുപാട്ടുകളുണ്ടായില്ല. സൗത്ഗേറ്റിന്റെ പരിശീലന രീതികളോട് താൽപ്പര്യക്കുറവും പ്രകടമായി. പ്രാഥമിക റൗണ്ടിലെ പ്രകടനങ്ങളും തെളിഞ്ഞതായിരുന്നില്ല. എന്നാൽ പ്രീ ക്വാർട്ടറിൽ ജർമനിയെ കീഴടക്കിയതോടെ കാര്യങ്ങൾ മാറാൻ തുടങ്ങി. ക്വാർട്ടറിൽ ഉക്രെയ്നെ നാല് ഗോളിന് തകർത്തതോടെ രംഗം കൊഴുത്തു. സെമിയിൽ ഡെൻമാർക്കിന്റെ പോരാട്ടവീര്യത്തെ മറികടക്കാൻ അധികസമയം വേണ്ടിവന്നെങ്കിലും ഇംഗ്ലീഷ് ടീമിന്റെ പ്രകടനം മികച്ചതായിരുന്നു.
ഡെൻമാർക്കിനെതിരെ കാര്യങ്ങൾ എളുപ്പമായിരുന്നില്ല. ഡാനിഷ് താരം മൈക്കേൽ ഡാംസ്ഗാർഡിന്റെ ഫ്രീകിക്ക് വലയിൽ വീണപ്പോൾ ഞെട്ടിയതാണ്. ടൂർണമെന്റിൽ ആദ്യമായാണ് ഇംഗ്ലണ്ട് ഗോൾ കീപ്പർ ജോർദാൻ പിക്ഫോർഡ് ഗോൾ വഴങ്ങിയത്. ശേഷം ഇംഗ്ലണ്ട് വേഗത്തിൽ കളം പിടിക്കുകയായിരുന്നു. ബുകായോ സാക്ക–-കെയ്ൻ–-റഹീം സ്റ്റെർലിങ് സഖ്യം ഡെൻമാർക്ക് മേഖല പൂർണമായും വരുതിയിലാക്കി. സമനില ഗോളിന് വലിയ സമയം വേണ്ടിവന്നില്ല. ഡെൻമാർക്ക് ക്യാപ്റ്റൻ സിമോൺ കെയറിന്റെ പിഴവിലാണ് പെടുത്തിയതെങ്കിലും സ്റ്റെർലിങ് ഉറപ്പായും ലക്ഷ്യം കാണുന്ന പന്തായിരുന്നു അത്. മനോഹരമായിരുന്നു സാക്കയുടെ ക്രോസ്.
അധികസമയത്ത് പെനൽറ്റിയിലൂടെ വിജയഗോൾ നേടുകയും ചെയ്തു. സ്റ്റെർലിങ് ബോക്സിൽ വീണതിലും കളത്തിൽ ആ സമയം രണ്ട് പന്ത് ഉണ്ടായതിലും വിവാദങ്ങൾ വന്നെങ്കിലും ജയം ഇംഗ്ലണ്ടിന് അവകാശപ്പെട്ടതായിരുന്നു. കെയ്നിന്റെ കിക്ക് ഡെൻമാർക്ക് ഗോൾ കീപ്പർ കാസ്പെർ ഷ്മൈക്കേൽ തട്ടിയകറ്റിയപ്പോൾ വെംബ്ലി പേടിച്ചതാണ്. പക്ഷേ, തിരിച്ചെത്തിയ പന്ത് വലയിലേക്കിട്ട് കെയ്ൻ വിജയം പകർന്നു.