ടോക്യോ
ഒളിമ്പിക്സ് ചരിത്രത്തിലെ അപൂർവതയ്ക്കായിരിക്കും ടോക്യോ വേദിയാകുക. കോവിഡിന്റെ സാഹചര്യത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചാണ് ഒളിമ്പിക്സ് പൂർത്തിയാക്കുക. ടോക്യോയിൽ കോവിഡ് പടരുന്നതിനാൽ അടിയന്തരാവസ്ഥ ആഗസ്ത് 22 വരെ നീട്ടാൻ തീരുമാനിച്ചു. അതിനുള്ളിൽ ഒളിമ്പിക്സ് പൂർത്തിയാകും. 23 മുതൽ ആഗസ്ത് എട്ടുവരെയാണ് ഒളിമ്പിക്സ്.
ഒഴിഞ്ഞ സ്റ്റേഡിയങ്ങളിലാകും 32–-ാമത് ഒളിമ്പിക്സ് മത്സരങ്ങൾ നടക്കുക. വിദേശ കാണികളെ നേരത്തേ വിലക്കിയിരുന്നു. നാട്ടുകാരെയും ഒഴിവാക്കാനാണ് സംഘാടകസമിതിയുടെ തീരുമാനം. സ്റ്റേഡിയത്തിന് പുറത്ത് മാരത്തൺ, നടത്തം മത്സരങ്ങൾ നടക്കുമ്പോൾ ജനങ്ങൾ കാണികളായി കൂട്ടംകൂടി നിൽക്കരുതെന്ന് സംഘാടകർ മുന്നറിയിപ്പ് നൽകി. ഫലത്തിൽ എല്ലാ മത്സരങ്ങളും ജപ്പാൻകാരും ടെലിവിഷനിൽ കാണേണ്ടിവരും. ഒളിമ്പിക്സ് ദീപശിഖയുടെ അവസാനവട്ട പ്രയാണത്തിനും ജനത്തിരക്കുള്ള പ്രദേശങ്ങളെ ഒഴിവാക്കിയിട്ടുണ്ട്.
കോവിഡ്കാലത്ത് ഒളിമ്പിക്സ് മാറ്റിവയ്ക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യണമെന്ന ആവശ്യം ജപ്പാനിൽ ശക്തമാണ്. പ്രതിപക്ഷ കക്ഷികളും ആരോഗ്യവിദഗ്ധരും ഇതേ നിലപാടിലാണ്. ടോക്യോയിൽ കോവിഡ് ബാധിക്കുന്നവരുടെ എണ്ണംകൂടിയതാണ് കടുത്ത നിയന്ത്രണങ്ങൾ തുടരാൻ കാരണം. ബുധനാഴ്ച 920 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞാഴ്ച 714 ആയിരുന്നു. മേയിൽ 1010 ആയിരുന്ന നിലയിലേക്ക് രോഗം കൂടുന്നുവെന്നാണ് റിപ്പോർട്ട്.
ജപ്പാനിൽ 8.10 ലക്ഷംപേർക്ക് കോവിഡ് ബാധിച്ചു. 14,900 പേർ മരിച്ചു. കുത്തിവയ്പിന്റെ കാര്യത്തിൽ ജപ്പാൻ പിറകോട്ടുപോകുന്നതാണ് ഏവരേയും അത്ഭുതപ്പെടുത്തുന്നത്. ഇപ്പോൾ മൊത്തം ജനസംഖ്യയുടെ 15 ശതമാനത്തിനുമാത്രമാണ് കുത്തിവയ്പ് എടുത്തിട്ടുള്ളത്. അമേരിക്കയിൽ ഇത് 47.4 ശതമാനവും ബ്രിട്ടനിൽ 50 ശതമാനവുമാണ്.