ലണ്ടൻ
സമയം ആർക്കുവേണ്ടിയും കാത്തുനിൽക്കില്ല. അത് റോജർ ഫെഡറർക്കായാലും. വിംബിൾഡണിലെ തോൽവിക്കുശേഷം ഇനിയൊരു തിരിച്ചുവരവിനെക്കുറിച്ച് ഫെഡറർക്കും വിശ്വാസമില്ല. സമയമായെന്ന് സ്വിസ് ഇതിഹാസം സമ്മതിക്കുന്നു. അടുത്തമാസം 40 വയസ്സ് തികയും ഫെഡറർക്ക്. പോളണ്ടിന്റെ ഹുബെർട്ട് ഹുർക്കാക്സിനോട് ക്വാർട്ടറിൽ തോറ്റായിരുന്നു മടക്കം. നേരിട്ടുള്ള സെറ്റുകളിൽ അവസാനത്തെ സ്കോർ 0–-6 ആയിരുന്നു. വിംബിൾഡണിൽ ഇത്തരമൊരു പതനം ആദ്യം. നേരിട്ടുള്ള സെറ്റുകൾക്ക് തോൽക്കുന്നത് 2002നുശേഷവും.
ഫെഡറർക്ക് മാന്ത്രികത നഷ്ടമായി എന്നായിരുന്നു മുൻതാരം ബോറിസ് ബെക്കറുടെ പ്രതികരണം. ‘അസ്വാഭാവികം’ എന്നാണ് ബെക്കർ പറഞ്ഞത്. കഴിഞ്ഞ 17 മാസത്തിനിടെ അഞ്ച് ടൂർണമെന്റുകൾ മാത്രമാണ് ഫെഡറർക്ക് കളിക്കാൻ കഴിഞ്ഞത്. കഴിഞ്ഞവർഷം കാൽമുട്ടിന് രണ്ട് ശസ്ത്രക്രിയകൾ വേണ്ടിവന്നു. ‘വിംബിൾഡൺ ഇനിയും കളിക്കാൻ കഴിയുമോയെന്ന് എനിക്കറിയില്ല. കഴിഞ്ഞവർഷം വിംബിൾഡൺ കളിക്കുക എന്നതായിരുന്നു ലക്ഷ്യം. പക്ഷേ, അത് കഴിഞ്ഞില്ല. ഈ വർഷമാണ് സാധിച്ചത്. ഞാൻ സന്തുഷ്ടനാണ്. കളി തുടരാനാണ് ആഗ്രഹം, പക്ഷേ…–- മത്സരശേഷം ഫെഡറർ പ്രതികരിച്ചു.